Wednesday, November 23, 2016

④ ഈ പരമ്പര വായിച്ച് കുരു പൊട്ടിയ പാസ്റ്ററേമാൻമാർക്ക്.

ക്രിസ്തുവിൽ പ്രിയരെ,

ഈ പരമ്പര വായിച്ച് എവിടെയൊക്കെയോ ഉള്ള പാസ്റ്ററേമാൻമാർക്ക് കുരു പൊട്ടി. ഈ പരമ്പര തെറ്റാണെന്ന് തെളിയിക്കുവാൻ ചിലർ അയച്ചുതന്ന ചില വേദഭാഗങ്ങളുടെ പഠനമാണ് ഈ ലേഖനം.

ഈ ലേഖനം വായിച്ചുതുടങ്ങുന്നതിന് മുമ്പ് ഈ പരമ്പരയിലെ ആദ്യത്തെ ലേഖനത്തിൻറെ ആദ്യത്ത ഖണ്ഡിക ഒരിക്കൽക്കൂടി വായിക്കുക:
“ആത്മാർത്ഥമായും അർപ്പണബുദ്ധിയോടെയും ദൈവരാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും വിശ്വാസികൾ നിർലോഭം സഹായിക്കണം എന്നുതന്നെയാണ് ഈ പരമ്പരയുടെ താൽപര്യം. അതേ സമയം, അപ്രസക്തമായ വേദവചനങ്ങളെ വളച്ചൊടിച്ച് വിശ്വാസികളെ കുത്തിപ്പിഴിയുന്ന സമ്പ്രദായം അവസാനിക്കണം. അത്തരം ദുർവ്യാഖ്യാനങ്ങളുടെ ആവശ്യമില്ല, കാരണം, നിങ്ങളുടെ പ്രവർത്തനം സുതാര്യമായിരുന്നാൽ കൈയയച്ചും, മനസ്സറിഞ്ഞും സഹായിക്കുവാൻ സന്മനസ്സുള്ളവരാണ് വിശ്വാസികൾ.”

“സ്നേഹത്തോടെ വിചാരിക്കേണം” (1തെസ്സ 5:12, 13)

1തെസ്സ 5:12 സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അധ്വാനിക്കുകയും കർത്താവിൽ നിങ്ങളെ ഭരിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ അറിഞ്ഞ്, അവരുടെ വേല നിമിത്തം
1തെസ്സ 5:13 ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിക്കുവിൻ.
  1. ഇവിടെ “ഭരിക്കുക” എന്നത് തെറ്റായ പരിഭാഷയാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്കിൻറെ (പ്രോയിസ്തേമി, προΐ́στημι, സ്ട്രോങ്സ് നിഘണ്ടുവിൽ G4291) അർത്ഥം മുന്നിൽ നിന്ന് നയിക്കുക (lead from front) എന്നാണ്.
  2. യേശു ശിഷ്യന്മാരോട് ജാതികളുടെ ഇടയിൽ ഭരണകർത്താക്കൾ ഉള്ളതുപോലെ നിങ്ങളുടെ ഇടയിൽ ഉണ്ടാവരുത് (മത്താ 20:25, 26) എന്ന് പറഞ്ഞത് ആരെങ്കിലും ഓർമ്മിക്കുന്നുണ്ടോ?
“സ്നേഹത്തോടെ വിചാരിക്കേണം” എന്നതിലാണോ പാസ്റ്ററേമാൻ പണം പിടുങ്ങുവാനുള്ള വഴി കണ്ടത്? പാസ്റ്ററേ, താങ്കൾ താങ്കളുടെ പെറ്റതള്ളയെ സ്നേഹത്തോടെ പരിഗണിക്കുന്നത് പണത്തിനാണോ? താങ്കളുടെ ഭാര്യയെ? കുട്ടികളെ? പണത്തിന് വേണ്ടി സ്നേഹിക്കുന്നവർക്ക് ഞങ്ങളുടെ നാട്ടിലൊക്കെ പറയുന്ന പേര് എന്നെക്കൊണ്ട് എഴുതിക്കരുത്, പ്ലീസ്!

ചില സർക്കാർ ഓഫീസുകളിൽ വ്യംഗ്യമായി കൈക്കൂലി ചോദിക്കുന്നവർ “എല്ലാരേം പരിഗണിച്ചേക്കണം” എന്ന് പറയാറുള്ളത് പോലെ ഒരു പ്രസ്താവനയാണ് പൌലോസ് നടത്തിയതെന്നാണോ താങ്കൾ ധരിച്ചത്?

“ഇരട്ടി മാനം” (1തിമോ 5:17, 18)


1തിമോ 5:17 നന്നായി ഭരിക്കുന്ന (മുന്നിൽ നിന്ന് നയിക്കുന്ന) മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവരെ, ഇരട്ടി മാനത്തിന് യോഗ്യരായി എണ്ണുക.
1തിമോ 5:18 മെതിക്കുന്ന കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത് എന്ന് തിരുവെഴുത്ത് പറയുന്നു; വേലക്കാരൻ തൻറെ കൂലിക്ക് യോഗ്യൻ എന്നും ഉണ്ടല്ലോ.
“ഇരട്ടി മാനം” എന്നതിലാണോ പാസ്റ്ററേമാൻ പണം പിടുങ്ങുവാനുള്ള വഴി കണ്ടത്? മാനം വിറ്റ് തിന്നുന്നവനാണ് മാനം പണമാകുന്നത്!

ഈ വചനത്തിൽ “വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവരെയാണ്”  പരാമർശിച്ചിട്ടുള്ളത്. വചനം എന്നതുകൊണ്ട് സുവിശേഷം എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് ലളിതവൽക്കരിക്കാം. സുവിശേഷം ദൈവരാജ്യത്തിൻറേതാണ് (മത്താ 4:23; 9:35; 24:14; മർക്കോ 1:14). നമ്മുടെ പാസ്റ്റർമാരിൽ ബഹുഭൂരിപക്ഷത്തിനും ദൈവരാജ്യം എന്താണെന്ന് വ്യക്തമായും, വേദപുസ്തകത്തിൻറെ അടിസ്ഥാനത്തിലും നിർവചിക്കുവാൻ അറിയില്ല. ഇവരാണോ “വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവർ?” ഇവർക്കാണോ ഇരട്ടി മാനം വേണ്ടത്?

പാസ്റ്റർമാർ പുരോഹിതൻറെ പദവി അലങ്കരിക്കുന്നവരാണെങ്കിൽ അവരിൽ നിന്നും ദൈവം (യഹോവ) പ്രതീക്ഷിക്കുന്നത് ഇതാണ്:
മലാ 2:7 പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതൻ ആയതിനാൽ അവൻറെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോട് ചോദിച്ചു പഠിക്കേണ്ടതുമാണ്.
നാം കാണുന്ന മിക്കവാറും പാസ്റ്റർമാരുടെ അധരങ്ങളിൽ പരിജ്ഞാനമല്ല, വിവരക്കേടാണുള്ളത്. സങ്കീർണമായ പല വേദഭാഗങ്ങളുടെയും വ്യാഖ്യാനം നൽകുവാൻ അവരാൽ കഴിയുകയില്ല. “വചനം കാണിച്ചുതാ, ഞാൻ വ്യാഖ്യാനം തരാം” എന്ന് വെല്ലുവിളിക്കേണ്ട, കാരണം, നൂറുകണക്കിന് വെല്ലുവിളിക്കുന്നവരെ കണ്ടതിന് ശേഷമാണ് ഈ പരമ്പര എഴുതുവാൻ തുടങ്ങിയത്. (എനിക്ക് എല്ലാ സത്യവും അറിയാമെന്ന് അവകാശപ്പെടുന്നില്ല; താങ്കൾക്ക് അറിയില്ലെന്നേ അർത്ഥമാക്കിയുള്ളൂ. ഞാൻ പാസ്റ്ററാണെന്ന പേരിൽ ആരോടും കാശ് പിടുങ്ങുന്നില്ലല്ലോ?)

ഫിലി 4:10-20ൽ എവിടെയാ പാസ്റ്ററേമാനേ ദശാംശം?


ഫിലിപ്പിയിൽ ഉള്ളവർ പൌലോസിൻറെ ആവശ്യം അറിഞ്ഞ് സഹായിച്ചതിൽ ദശാംശം കണ്ടുപിടിച്ചതിൻറെ സാങ്കേതികവിദ്യ ഒന്ന് പഠിപ്പിച്ചുതരാമോ?
ഫിലി 4:10 നിങ്ങൾ പിന്നെയും (ഇപ്പോൾ, NOW) എനിക്ക് വേണ്ടി വിചാരിക്കുവാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പ് തന്നേ നിങ്ങൾക്ക് വിചാരം ഉണ്ടായിരുന്നെങ്കിലും അവസരം കിട്ടിയില്ല.
ഈ വചനത്തിൽ നിന്നും ഫിലിപ്പിയിൽ ഉള്ളവർ ഇടക്കാലത്ത് (മുമ്പ്) പൌലോസിനെ സഹായിക്കുന്നില്ലായിരുന്നു എന്നും, സഹായം പുനരാരംഭിച്ചതിനെ (ആരംഭിച്ചതിനെ) പറ്റിയാണ് പരാമർശമെന്നും വ്യക്തമല്ലേ? അതേസമയം, നിങ്ങൾ പാസ്റ്റർമാർ മുടക്കമില്ലാതെ, ഞായറാഴ്ച തോറും, മാസം തോറും (വീട് കയറിയിറങ്ങിയും) വിശ്വാസികളെ കുത്തിപ്പിഴിയുകയല്ലേ ചെയ്യുന്നത്?


ആ വേദഭാഗം മുഴുവനും മനസ്സിരുത്തി വായിച്ചോളൂ, അതിൽ എവിടെയെങ്കിലും നിർബന്ധിക്കുന്നതിൻറെ അംശമെങ്കിലും ഉണ്ടോ, പാസ്റ്ററേമാനേ? ആ വേദഭാഗത്തിലെ പ്രധാനപ്പെട്ട രണ്ട് വചനങ്ങൾ വായിച്ചോളൂ:
ഫിലി 4:16 തെസ്സലോനീക്കയിലും എൻറെ ബുദ്ധിമുട്ട് തീർക്കുവാൻ നിങ്ങൾ ഒന്നുരണ്ട് തവണ അയച്ചുതന്നു.
ഫിലി 4:17 ഞാൻ ദാനം ആഗ്രഹിക്കുന്നതിനാൽ അല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന ഫലം ആണ് ആഗ്രഹിക്കുന്നത്.
  • ഫിലിപ്പിയിൽ ഉള്ളവർ സ്വമേധയാ അയച്ചുകൊടുത്തതാണ്. പൌലോസ് നമ്മുടെ പാസ്റ്റർമാരെ പോലെ സഭയിലെ പ്രസംഗപീഠത്തിൽ കയറിനിന്ന് ദശാംശം കൊടുക്കാത്തവരെ പേരുവിളിച്ച് അപമാനിച്ചതിനാലും കർത്തൃമേശ വിലക്കിയതിനാലും ശവസംസ്കാരം മുടക്കിയതിനാലും അയച്ചുകൊടുത്തതല്ല.
  • പൌലോസ് തെസ്സലോനിക്കയിൽ ആയിരുന്നപ്പോഴും അയച്ചുകൊടുത്തിരുന്നു എന്നതിൻറെ അർത്ഥം അവർ നൽകിയിരുന്ന ദാനം സ്ഥലത്തെ പാസ്റ്റർക്ക് (pastor of the local church) അല്ലായിരുന്നു എന്നല്ലേ?
  • നിങ്ങൾ പിടിച്ചുപറിക്കുന്ന ദശാംശത്തിനുള്ള പേരാണോ. പാസ്റ്ററേമാനേ. “ദാനം”?

സംശയാസ്പദമായ പരിഭാഷ - ഗലാ 6:6

ഗലാ 6:6 വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കേണം.
കച്ചവടക്കണ്ണുള്ള പാസ്റ്റർമാരെ അനുകൂലിക്കുന്ന (അടിക്കുറിപ്പ് ③ കാണുക) മറ്റ് പരിഭാഷകൾ പോലെ തന്നെ, മലയാളത്തിലും ഈ വചനം തെറ്റായിട്ടാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിലെ KJVയിൽ നിന്നും:
Gal 6:6 Let him that is taught in the word communicate unto him that TEACHETH IN ALL GOOD THINGS. (ASV, Darby, RV, Webster എന്നീ പരിഭാഷകളും കാണുക.)
വചനം പഠിക്കുന്നവൻ അവനെ നല്ലകാര്യങ്ങളെല്ലാം പഠിപ്പിക്കുന്നവരുമായി പങ്കുവെക്കണം (സംവദിക്കണം).
Emphatic Diaglott എന്ന പദാനുപദ പരിഭാഷയിൽ ഈ വചനം ഇങ്ങനെ കാണുന്നു:
Gal 6:6 Let him communicate but the one being taught the word, to the one teaching, in all good things.
പങ്കുവെക്കുന്നത് എപ്പോഴും ഭൌതികമായ വസ്തുക്കളോ പണമോ ആകണമെന്നില്ല. ഉദാഹരണമായി: ഇവിടെ പങ്കുവെക്കണം (ഓഹരി നൽകണം) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ ഗ്രീക്ക് വാക്ക് (G2841) റോമ 15:27ൽ “ജാതികൾ അവരുടെ [യെഹൂദരുടെ] ആത്മീയ നന്മകളിൽ കൂട്ടാളികളായെങ്കിൽ” എന്നതിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

“നന്മ” (നല്ലകാര്യങ്ങൾ, good things) എന്ന വാക്കിനാൽ അർത്ഥമാക്കുന്നത് വസ്തുക്കളോ, പണമോ ആകണമെന്നില്ല. കാരണം ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്ന അതേ ഗ്രീക്ക് വാക്ക് (G18) ഇംഗ്ലീഷിൽ good things എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന 9 വചനങ്ങളിൽ 5 എണ്ണത്തിലും അത് വസ്തുക്കളെയോ പണത്തെയോ സൂചിപ്പിക്കുന്നില്ല. ഉദാഹരണം:
റോമ 10:15 ... “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
Rom 10:15 ... How beautiful are the feet of them that preach the gospel of peace, and bring glad tidings of GOOD THINGS![G18]
എബ്രാ 9:11 ക്രിസ്തു വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ട്...
Heb 9:11 But Christ being come an high priest of GOOD THINGS[G18] to come,...
ഒരുപക്ഷേ, ഗലാ 6:6ൻറെ താൽപര്യം: വിദ്യാർത്ഥികൾ തങ്ങളുടെ സംശയങ്ങളും ചിന്തകളും അദ്ധ്യാപകനുമായി പങ്കുവെക്കണം (സംവദിക്കണം) എന്നായിരിക്കാം. ഈ വചനത്തിലെ അവ്യക്തതയ്ക്കുള്ള വ്യാകരണപരമായ കാരണം അടിക്കുറിപ്പ് ①ൽ കാണാം.

കൂടുതൽ പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു.
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.


① നിഷ്പക്ഷമായി പറഞ്ഞാൽ ഗലാ 6:6ൻറെ പരിഭാഷകളിലുള്ള വ്യത്യാസം പങ്കുവെക്കുക എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് സകർമ്മക ക്രിയയാണോ (transitive verb) അകർമ്മക ക്രിയയാണോ (intransitive verb) എന്ന് അറിയാത്തതിനാൽ ഉണ്ടായതാണ്. [പത്താം ക്ലാസ് വരെ പഠിക്കേണ്ടത് പോലെ പഠിച്ചവർക്കേ അകർമ്മക ക്രിയയും സകർമ്മക ക്രിയയും അറിയൂ.] KJV പോലെയുള്ള പരിഭാഷകൾ അകർമ്മക ക്രിയയായി പരിഗണിച്ചപ്പോൾ, ഇതര പരിഭാഷകൾ സകർമ്മക ക്രിയയായി പരിഗണിച്ചു. കാലഹരണപ്പെട്ട ഭാഷയായ കൊയ്നെ ഗ്രീക്കിനെ പറ്റിയുള്ള അത്തരം വിശദാംശങ്ങൾ എത്ര പണ്ഡിതന്മാർക്ക് അറിയാമായിരിക്കും?

② KJV ഏറെക്കുറെ പദാനുപദ പരിഭാഷയാണ്. അതിന് അടിസ്ഥാനമായിട്ടുള്ള കൈയ്യെഴുത്തുപ്രതികൾ പഴക്കമുള്ളവയല്ലെങ്കിലും, ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് എലിസബീത്തൻ യുഗത്തിലെ ഇംഗ്ലീഷാണെങ്കിലും, മൂലകൃതിയിലെ വാക്കുകളും വ്യാകരണവും ഏറെക്കുറെ വിശ്വസ്‌തതയോടെ പരിഭാഷപ്പെടുത്തിയിരിക്കുന്നതിനാൽ ഏത് കാര്യത്തിലും ഒരു നിഗമനത്തിൽ എത്തുന്നതിന് മുമ്പ് KJVയിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. (അടിക്കുറിപ്പ് ③ൽ പറഞ്ഞിരിക്കുന്നത് പോലെ ചില ഒത്തുതീർപ്പുകൾ KJVയുടെ പരിഭാഷയിലും സംഭവിച്ചിട്ടുണ്ട്.)

③ വേദപുസ്തക പരിഭാഷകളിൽ ബാഹ്യ സ്വാധീനങ്ങളോ പരിഗണനകളോ ഇല്ലെന്ന് കരുതരുത്. ചിലരെ സുഖിപ്പിക്കുവാനും ചിലരെ പിണക്കാതിരിക്കുവാനും ചില ഒത്തുതീർപ്പുകൾ നടത്താറുണ്ട്. ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം.

ഹീബ്രുവിൽ കാണിക്കുകഴുതയ്ക്ക് (കാട്ടുകഴുതയ്ക്ക്, wild ass) “പെരെ” എന്ന് പറയും (H6501). ഈ വാക്ക് 10 തവണ പഴയനിയമത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. (ഉൽ 16:12; ഇയ്യോ 6:5; 11:12; 24:5; 39:5; സങ്കീ 104:11; യെശ 32:14; യിരെ 2:24; 14:6; ഹൊശെ 8:9) ഇതിൽ ഉൽ 16:12ൽ മാത്രം ചില പരിഭാഷകളിൽ “കഴുത” എന്ന ഭാഗം വിട്ടുകളഞ്ഞിരിക്കുന്നു.
ഉൽ 16:12 അവൻ കാണിക്കുകഴുതയെ പോലെ ഉള്ള മനുഷ്യൻ ആയിരിക്കും...
(KJV) Gen 16:12 And he will be a wild man his
(ESV) Gen 16:12  He shall be a wild donkey of a man ...
(YLT) Gen 16:12  and he is a wild-ass man...
ഇവിടെ പരാമർശിക്കപ്പെടുന്ന കഥാപാത്രം യിശ്മായേലാണ്. അപ്പോൾ ആരെ പിണക്കാതിരിക്കുവാനാണ് കഴുത എന്ന പദം KJVൽ ഇല്ലാത്തതെന്ന് മനസ്സിലായില്ലേ?

ഇതുപോലെ യൂറോപ്യന്മാരെ സുഖിപ്പിക്കുവാൻ നടത്തിയ ഒരു ഒത്തുതീർപ്പ് പതിനഞ്ചാം നൂറ്റാണ്ടിന് ശേഷം ഇറങ്ങിയ എല്ലാ പരിഭാഷകളിലുമുണ്ട്.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ