Monday, December 19, 2016

ഉള്ളടക്കം


ദശാംശം: പാസ്റ്റർമാർ നടത്തുന്ന തട്ടിപ്പ്.

ഈ പരമ്പരയിലെ എല്ലാ ലേഖനങ്ങളും ഒരേ താളിൽ ഉൾപ്പെടുത്തുകയും, പി.ഡി.എഫ് ഡൌൺലോഡിനുള്ള സൌകര്യം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ താളിൻറെ ഉദ്ദേശ്യം.

ഉള്ളടക്കം.

ചീത്തവിളിക്കേണ്ടവർക്ക് ഫോൺ നമ്പർ പേജിൻറെ മുകളിലുണ്ട്.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

Sunday, December 18, 2016

③ സഭ, സഭയുടെ നടത്തിപ്പ്, സുവിശേഷ പ്രഘോഷണം.

ക്രിസ്തുവിൽ പ്രിയരേ,

എൻറെ സാങ്കൽപിക സുഹൃത്ത് ചക്കുപുരയ്ക്കൽ ജോയി പാസ്റ്ററെ വിചാരണ ചെയ്യുന്നതിൻറെ മൂന്നാം ഭാഗമാണിത്. ഒന്നും രണ്ടും ഭാഗങ്ങൾ തീർച്ചയായും വായിച്ചിരിക്കണം.

സഭയുടെ അറ്റകുറ്റപ്പണികൾ, കറൻറ് ബില്ല്, പാസ്റ്ററുടെ ശമ്പളം.


എടോ, ജോയി പാസ്റ്ററേ, താൻ ഏതാണ്ട് 6 കൊല്ലം തിയോളജി കോളേജിൽ പഠിച്ചൂന്നല്ലേ പറഞ്ഞത്? സഭ എപ്പോഴാടോ കെട്ടിടമായത്?

സഭ (church, ചർച്ച്) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്കിന് (ἐκκλησία, എക്ലീഷ്യ, സ്ട്രോങ്സ് നിഘണ്ടുവിൽ G1577) എവിടെയാണെടോ കെട്ടിടം എന്ന അർത്ഥമുള്ളത്? ഈ വാക്കിന് ഒരു കെട്ടിടം എന്നാണ് അർത്ഥമെങ്കിൽ ആ അർത്ഥം അതേ വാക്ക് ഉപയോഗിച്ചിരിക്കുന്ന താഴെ കൊടുത്തിരിക്കുന്ന വചനങ്ങളിൽ ആരോപിക്കാമോ?
Act 19:32 Some therefore cried one thing, and some another: for the assembly[G1577] was confused; and the more part knew not wherefore they were come together.
അപ്പൊ 19:32 ജനസംഘം[G1577] കലക്കത്തിലായി മിക്കവരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്ന് അറിയാത്തതിനാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.
ജനസംഘം - (ഇപ്പോഴത്തെ ബി.ജെ.പിയല്ല), ആൾക്കൂട്ടം എന്നതിന് പോലും എക്ലീഷ്യ എന്നുള്ള ഗ്രീക്ക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.
Act 19:39 But if ye enquire anything concerning other matters, it shall be determined in a lawful assembly[G1577].
അപ്പൊ 19:39 വേറെ കാര്യത്തെ പറ്റിയാണ് വാദമെങ്കിൽ ധർമ്മസഭയിൽ[G1577] തീർക്കാമല്ലോ.
“ധർമ്മസഭ” അല്ല, നിയമവിധേയമായി കൂടിവരുന്നവരുന്നവരുടെ മുന്നിൽ (നീതിസഭയിൽ - tribunal) അവതരിപ്പിക്കാം എന്നാണ് പട്ടണത്തിൻറെ മേനവൻ പറയുന്നത്. അതായത്, അപ്പോൾ അവിടെ കൂടിവന്നിരുന്നവർ അങ്ങനെയൊന്നും അല്ല എന്ന് അർത്ഥം.
Act 19:41 And when he had thus spoken, he dismissed the assembly[G1577].
അപ്പൊ 19:41 ഇങ്ങനെ പറഞ്ഞു അവൻ സഭയെ[G1577] പിരിച്ചുവിട്ടു.
ഇവിടെ ആൾക്കൂട്ടത്തെയാണ് പിരിച്ചുവിട്ടത്.
ചക്കുപുരയ്ക്കൽ ജോയി പാസ്റ്ററേ, വേദപുസ്തകത്തിൽ എവിടെയും സഭ ഒരു കെട്ടിടമോ സ്ഥാപനമോ ആണെന്ന് എഴുതപ്പെട്ടിട്ടില്ല. യെഹൂദന്മാരുടെ സിനഗോഗുകളിൽ പ്രാർത്ഥനയ്ക്കായി കൂടിവന്നതൊഴികെ, സഭ ചേരുന്നത് വീടുകളിൽ ആയിരുന്നു.

ആദിമസഭ വീടുകളിലാണ് കൂടിവന്നിരുന്നത്, പ്രത്യേകം കെട്ടിടങ്ങളിലല്ല.

റോമ 16:5 അവരുടെ (പ്രിസ്കില്ലയുടെയും അക്വിലാവിൻറെയും) വീട്ടിലെ സഭയെയും വന്ദനം ചെയ്യുവിൻ ...
1കൊരി 16:19 ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കില്ലയും അവരുടെ ഭവനത്തിലെ സഭയോട് കൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.
കൊലോ 4:15 ലവുദിക്യയിലെ സഹോദരന്മാർക്കും നിംഫായ്ക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിൻ.
ഫിലോ 1:2 സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിനും നിൻറെ വീട്ടിലെ സഭയ്ക്കും എഴുതുന്നത്...
ആദിമസഭ ദേവാലയത്തിൽ കൂടിച്ചേർന്നിരുന്നു എന്നത് നിഷേധിക്കുന്നില്ല, പക്ഷേ, അത് യെരൂശലേമിൽ ഉണ്ടായിരുന്ന ദേവാലയത്തിലാണ്. ആ ദേവാലയത്തിന് ദൈവസന്നിധിയിൽ സാധുത ഉണ്ടായിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നല്ലോ?

സഭയാണ്, വിശ്വാസികളാണ് ഇപ്പോൾ ദേവാലയം, ദേവാലയമല്ല സഭ.

1തിമോ 3:15 ...സത്യത്തിൻറെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിൻറെ സഭയാകുന്ന ദേവാലയത്തിൽ നടക്കേണ്ടത് എങ്ങനെ എന്ന് നീ അറിയുവാൻ ഇത് എഴുതുന്നു.
1Ti 3:15 But if I tarry long, that thou mayest know how thou oughtest to behave thyself in the house[G3624] of God, which is the church of the living God, the pillar and ground of the truth.
1കൊരി 3:16 നിങ്ങൾ ദൈവത്തിൻറെ മന്ദിരമാണെന്നും (ആലയം) ദൈവത്തിൻറെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലേ?
2കൊരി 6:16 ദേവാലയത്തിന് വിഗ്രഹങ്ങളോട് എന്ത് പൊരുത്തം? നാം ജീവനുള്ള ദൈവത്തിൻറെ ആലയമാണ്. “ഞാൻ അവരിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും; ഞാൻ അവർക്കും ദൈവവും അവർ എനിക്ക് ജനവും ആകും” എന്ന് ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
എടോ, ജോയി പാസ്റ്ററേ, താൻ വാടകയ്ക്കെടുത്ത പീടികകെട്ടിടത്തിൻറെ ഒന്നാം നിലയിലെ മുറിയിൽ ദൈവം വസിക്കുന്നു എന്ന് വചനം ഉപയോഗിച്ച് തെളിയിക്കാമോ? 6 വർഷം സെമിനാരിയിൽ ചെലവഴിച്ച തന്നോട് ദൈവം മനുഷ്യൻറെ കൈകളാൽ കെട്ടിയ കെട്ടിടങ്ങളിൽ വസിക്കുന്നില്ല എന്ന് ഞാൻ പറഞ്ഞുതരേണ്ടല്ലോ?

സഭായോഗങ്ങളെ ഉപേക്ഷിക്കാതെ...

എബ്രാ 10:25 ചിലർ ചെയ്യുന്നത് പോലെ നമ്മുടെ സഭായോഗങ്ങളെ (കൂടിവരവ്) ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുവാൻ അന്യോന്യം സൂക്ഷിച്ചുകൊള്ളുക. നാൾ സമീപിക്കുന്നു എന്ന് കാണുംതോറും അത് അധികമധികമായി ചെയ്യേണ്ടതാണ്.
“സഭായോഗങ്ങളെ ഉപേക്ഷിക്കാതെ” എന്ന തെറ്റായ പരിഭാഷയാണ് പാസ്റ്റർമാരുടെ വജ്രായുധം. ഇവിടെ “സഭായോഗം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചിരിക്കുന്ന മറ്റൊരു വചനവും ഉണ്ട്:
2തെസ 2:1: ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൻറെ പ്രത്യക്ഷതയും അവിടത്തെ അടുത്തുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ച് ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നത്:
ക്രിസ്തുവിൻറെ പ്രത്യക്ഷതയുടെ സമയത്ത് നാം കർത്താവിൻറെ അടുത്ത് സഭായോഗം നടത്തുകയില്ലല്ലോ?

കൂടിവരവ് ഉപേക്ഷിക്കരുത് എന്നാണ് എബ്രാ 10:25ൻറെ താൽപര്യം. ഈ വാക്യത്തിൻറെ ചുറ്റുവട്ടത്തെങ്ങും സഭ (എക്ലീഷ്യ) എന്ന വാക്കില്ല.
ആദിമസഭയ്ക്ക് വീടുകളിൽ കൂടിവരാമായിരുന്നെങ്കിൽ ആധുനിക സഭകൾക്ക് മണിമന്ദിരങ്ങൾ വേണമോ എന്ന് സ്വയം ചിന്തിക്കുക.


സഭയുടെ (സ്ഥാപനങ്ങളുടെ) പ്രായോഗിക പരിഗണനകൾ.


ഞാൻ എൻറെ ജീവിതത്തിൽ കണ്ട ആദ്യത്തെ കാപട്യമില്ലാത്ത ക്രിസ്ത്യാനി, ജോയി പാസ്റ്ററേ, താങ്കളുടെ അമ്മയാണ്. സഭയുടെ പ്രാധാന്യം എന്താണെന്ന എൻറെ ചോദ്യത്തിന് ആത്മീയതയുടെ കപട ആവരണമില്ലാതെ ആയമ്മ തന്ന മറുപടി ഞാൻ ഒരിക്കലും മറക്കില്ല: “ഞാൻ മരിച്ചാൽ എവിടെ അടക്കും? എൻറെ മകന് ഒരു ക്രിസ്ത്യാനി പെണ്ണിനെ വിവാഹം കഴിക്കുവാൻ സഭയില്ലാതെ എങ്ങനെ സാധിക്കും?” എല്ലാവരും തുറന്നുപറയില്ലെങ്കിലും അവരുടെ മനസ്സിലിരുപ്പ് മറ്റൊന്നല്ല. വിവാഹവും ശവസംസ്കാരവും എങ്ങനെ നടത്തണമെന്ന് വേദപുസ്തകത്തിൽ എഴുതിയിട്ടില്ല, പക്ഷേ, അത്തരം കാര്യങ്ങൾക്കാണ് വിശ്വാസികളുടെ മനസ്സിൽ മുൻതൂക്കം.

സഭയിൽ 50 വർഷം അംഗമായിരുന്ന്, മരണത്തോടടുത്ത നാളുകളിൽ വേണ്ടത്ര ദശാംശം കൊടുത്തില്ല എന്ന കാരണത്താൽ 93 വയസ്സുകാരിക്ക് ശവസംസ്കാരം നിഷേധിച്ച ഹൂസ്റ്റണിലെ ഒരു പാസ്റ്ററുടെ നടപടി തെമ്മാടിത്തരമാണെന്ന്, ജോയി പാസ്റ്ററേ, താങ്കളുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്.

വിവാഹം, ശവസംസ്കാരം എന്നീ ചടങ്ങുകൾ സർക്കാരിൻറെ അധികാരപത്രം (ലൈസൻസ്) ഇല്ലാതെ നടത്തുവാൻ കഴിയില്ല. വിവാഹം നടത്തിക്കൊടുക്കുന്ന സഭകൾക്ക് വിവാഹമോചനം നടത്തിക്കൊടുക്കുവാൻ അധികാരമില്ല. അതായത്, വിവാഹം, ശവസംസ്കാരം, വിവാഹമോചനം എന്നിവ സർക്കാരിൻറെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളാണാണ്.
സാമാന്യജനങ്ങൾക്ക് വിവാഹവും, ശവസംസ്കാരവും നടത്തുവാനുള്ള അധികാരപത്രം സർക്കാരിൽ നിന്നും സമ്പാദിക്കാം. ശവസംസ്കാരത്തിനായി സർക്കാരിൻറെയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പൊതുശ്മശാനങ്ങൾ ഇല്ലാത്തിടത്ത് സഭ എന്ന സ്ഥാപനത്തിന് പ്രസക്തിയുണ്ട്. അങ്ങനെയുള്ള സംവിധാനങ്ങൾ ഉണ്ടാകുമ്പോൾ പ്രസക്തി ഇല്ലാതാകുന്നു.

സഭയുടെ വക ശിമിത്തേരിയിൽ അടക്കിയാലേ പരേതരുടെ ആത്മാവ് സ്വർഗത്തിൽ പോകൂ എന്ന ധാരണ മാറണം. പല മോട്ടോറുകൾ ഉപയോഗിച്ച് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നത് പോലെ പ്രമുഖരായ പാസ്റ്റർമാർ ഒന്നിന് പുറകെ ഒന്നായി പ്രാർത്ഥിച്ച് പരേതരുടെ ആത്മാവിനെ സ്വർഗത്തിൽ എത്തിക്കണം എന്ന ധാരണ മാറണം. ഒന്നാം നൂറ്റാണ്ടിൽ ഉപദ്രവങ്ങൾക്ക് വിധേയരായി രക്തസാക്ഷികളായവരുടെ ആത്മാക്കളെ എത്ര പാസ്റ്റർമാരുടെ പ്രാർത്ഥനകൾ കൊണ്ട് തള്ളിയാണ് സ്വർഗത്തിൽ എത്തിച്ചതാവോ?

സുവിശേഷ പ്രഘോഷണം.


സുവിശേഷ പ്രഘോഷണത്തിന് പണം വേണം എന്ന അവകാശവാദവുമായാണ് പലരും ദശാംശം വസൂലാക്കുന്നത്. ഇവർ കാലാകാലമായി സുവിശേഷ പ്രഘോഷണം നടത്തിയിട്ടും ക്രൈസ്തവർ ഇന്ത്യൻ ജനസംഖ്യയിൽ 2.5% മാത്രം ആയിരിക്കുന്നതിൻറെ രഹസ്യം എന്താണാവോ? ഇതുവരെ ക്രൈസ്തവരാകാത്തവരെല്ലാം ദൈവനിഷേധികളാണെങ്കിൽ പിന്നെ അവരോട് സുവിശേഷം പ്രസംഗിക്കുവാൻ വിശ്വാസികൾ നിങ്ങൾക്ക് പണം തരേണമോ?

ഒന്ന് ചോദിച്ചോട്ടേ, ജോയി പാസ്റ്ററേ, കൈയ്യിൽ പണം കിട്ടിയാൽ ഉടനേ, 97.5% അക്രൈസ്തവർ ഉള്ള ഇന്ത്യയിൽ സുവിശേഷം പ്രഘോഷിക്കാതെ 83% ക്രൈസ്തവരുള്ള അമേരിക്കൻ ഐക്യനാടുകളിലേക്കും, 64% ക്രൈസ്തവരുള്ള ബ്രിട്ടനിലേക്കും പറക്കുന്നതിൻറെ രഹസ്യമെന്താണ്? കൊല്ലക്കുടിലിൽ സൂചി വിൽക്കുവാനോ?

സുവിശേഷം എപ്പോൾ വരെ പ്രസംഗിക്കപ്പെടണം?


വെളിപ്പാട് പുസ്തകം അത്ര ലളിതമല്ല, അതിൻറെ ആഖ്യാനം ഋജുരേഖയിലുള്ളതല്ല എന്ന് സമ്മതിച്ചുകൊണ്ടുതന്നെ പറയട്ടെ. വെളിപ്പാട് പുസ്തകത്തിലെ ഏഴാമത്തെ ദൂതൻറെ കാഹളം (വെളി 11:5) 1കൊരി 15:52ലെ അവസാനത്തെ കാഹളത്തിനും, 1തെസ 4:16ലെ കാഹളത്തിനും സമാന്തരവും, വെളിപ്പാട് 14ലെ സംഗതികൾ വെളിപ്പാട് 11ന് ശേഷം നടക്കേണ്ടതുമാണെങ്കിൽ, സുവിശേഷം എന്നെന്നേയ്ക്കും പ്രസംഗിക്കപ്പെടേണം,
വെളി 14:6 വേറൊരു ദൂതൻ ആകാശമദ്ധ്യേ പറക്കുന്നത് ഞാൻ കണ്ടു; ഭൂവാസികളായ സകല ജാതികളോടും ഗോത്രങ്ങളോടും ഭാഷക്കാരോടും വംശങ്ങളോടും അറിയിക്കുവാൻ അവൻറെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.
ഏഴാമത്തെ ദൂതൻറെ കാലം എപ്പോഴാണെങ്കിലും, അപ്പോഴും പ്രവചനം തുടരണമെന്നും നിർദ്ദേശമുണ്ട്:
വെളി 10:11 അവൻ എന്നോട് നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ച് പ്രവചിക്കേണ്ടിവരും എന്ന് പറഞ്ഞു.
പറഞ്ഞുവന്നതിൻറെ സാരമിതാണ്: നമ്മുടെ കൈകളിലുള്ളത് നിത്യസുവിശേഷമാണ് അത് എല്ലാ കാലത്തും പ്രസംഗിക്കപ്പെടേണം, എല്ലാ ജാതികളോടും, ഭാഷക്കാരോടും, വംശങ്ങളോടും.

ജോയി പാസ്റ്ററേ, സുവിശേഷ പ്രചരണം മുന്നോട്ട് പോകണം, സംശയമില്ല. പക്ഷേ, അതിന് പണക്കൊതിയില്ലാത്ത, അർപണബുദ്ധിയുള്ള, അഭ്യസ്‌തവിദ്യരായ ക്രൈസ്തവർ മുന്നോട്ട് വരണം. ജോയി പാസ്റ്റർ കോപിക്കരുത്, പത്താം ക്ലാസ് പാസായപ്പോൾ നല്ല ഏതെങ്കിലും കോഴ്സിന് തുടർന്ന് പഠിക്കുവാനുള്ള മാർക്കില്ലാതിരുന്നതിനാൽ പാസ്റ്ററായിക്കളയാം എന്ന് കരുതി, എങ്ങനെയോ പി.ഡി.സി ഒപ്പിച്ചെടുത്ത് തിയോളജി കോളേജിൽ ചേർന്ന്, ബിരുദമെടുത്ത താങ്കളെ പോലെയുള്ളവരെയല്ല അഭ്യസ്‌തവിദ്യർ എന്നതുകൊണ്ട് അർത്ഥമാക്കിയത്. (തിയോളജി കോളേജിൽ പോകുന്നവരിൽ അപൂർവമായി മിടുക്കന്മാരും ഉണ്ട്.)

ഓരോ വിശ്വാസിക്കും ദൈവരാജ്യത്തിൻറെ അഭിവൃദ്ധിയിൽ താൽപര്യമുണ്ട്, പക്ഷേ, ഓരോ ഞായറാഴ്ചയും പണത്തിന് വേണ്ടി അവരെ പരസ്യമായി അപമാനിക്കുന്ന, പണത്തിന് വേണ്ടി മാത്രം ഭവനസന്ദർശനം നടത്തുന്ന പരോപജീവികളെ അവർ തിരിച്ചറിഞ്ഞുകഴിഞ്ഞു. 97.5% അക്രൈസ്തവരുള്ള ഇന്ത്യയിൽ കാര്യമായി ഒന്നും ചെയ്യാതെ, ക്രൈസവ വിശ്വസം ഇനിയും വളരേണ്ടിയിരിക്കുന്ന ആഫ്രിക്കൻ നാടുകളിലേക്ക് പോകാതെ, ക്രൈസ്തവർ ഭൂരിപക്ഷമുള്ള അമേരിക്കയിലേയ്ക്കും ആസ്ട്രേലിയയിലേയ്ക്കും, യൂറോപ്പിലേയ്ക്കും നിങ്ങൾ പോകുന്നത് പണത്തിനും പ്രശസ്തിക്കും മാത്രം വേണ്ടിയാണ് എന്ന് ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.

പാസ്റ്ററായിരിക്കുക എന്നത് ഒരു തൊഴിലവസരമായി കാണാതെ, ദൈവരാജ്യത്തിൻറെ അഭിവൃദ്ധിക്കായി പ്രവർത്തിക്കുന്നവർ മുന്നോട്ടുവരുമ്പോൾ വിശ്വാസികൾ അവരെ ഔദാര്യപൂർവം സഹായിക്കും.

നമ്മുടെ കർത്താവ് വാഴുന്നു! ദൈവരാജ്യം ഭൂമി മുഴുവനും നിറയട്ടെ!


ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

② ദശാംശം പുതിയനിയമത്തിൽ.

ക്രിസ്തുവിൽ പ്രിയരേ,

ചക്കുപരയ്ക്കൽ ജോയി പാസ്റ്ററെ വിചാരണ ചെയ്യുന്നത് തുടരുകയാണ് ഈ ലേഖനത്തിൽ. ഇതിൻറെ ആദ്യഭാഗം ദേ, ഇവിടെ വായിക്കാം, വായിക്കണം.

എബ്രായർ 7ൽ അബ്രാഹം മെൽക്കീസേദെക്കിന് ദശാംശം നൽകിയതിനെ പറ്റിയുള്ള പരാമർശവും പരീശൻറെ പ്രാർത്ഥനയും (ലൂക്കോ 18:12) ഒഴികെ ഒരേയൊരു സന്ദർഭത്തിൽ മാത്രമേ ദശാംശം എന്ന വാക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ളൂ. അത് നമ്മുടെ കർത്താവിൻറെ വാക്കുകളിലാണ്.
മത്താ 23:23: കപട ഭക്തിക്കാരായ ശാസ്ത്രിമാരേ പരീശരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം (ദശാംശം) കൊടുക്കുകയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളയുകയും ചെയ്യുന്നു. അത് ചെയ്യുകയും ഇത് ത്യജിക്കാതിരിക്കുകയും വേണം.
ലൂക്കോ 11:42 പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം (ദശാംശം) കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; ഇത് ചെയ്യുകയും അത് ത്യജിക്കാതിരിക്കുകയും വേണം.
ഈ വചനങ്ങളിൽ നിന്നും ദശാംശത്തെ യേശു അംഗീകരിച്ചു എന്ന് കണ്ടുപിടിച്ച ജോയി പാസ്റ്റർ, ഈ വചനങ്ങളിൽ കാർഷിക വിളകളാണ് ദശാംശമായി കൊടുക്കേണ്ടത് എന്ന കാര്യം കാണാതിരുന്നത് ജോയി പാസ്റ്ററുടെ കണ്ണുകൾക്ക് വെള്ളെഴുത്ത് പിടിപെട്ട കാരണമാണോ? ശാസ്ത്രിമാരും പരീശരും ദശാംശം കൊടുക്കാറുണ്ട് എന്ന് പറഞ്ഞതല്ലാതെ ക്രൈസ്തവർ ദശാംശം കൊടുക്കണമെന്ന് യേശു പറഞ്ഞിട്ടില്ല.

ഈ രണ്ട് വചനങ്ങളും യെഹൂദ മതമേധാവികൾക്ക് അപ്പോൾ വരുവാനിരുന്ന ശിക്ഷയുടെ ഭാഗമാണ് എന്നതാണ് രസകരം. (മത്താ 23:35, 36) അത്തരം ഒരു സന്ദർഭത്തിൽ നിന്നും ഒരു വചനം അടർത്തിയെടുത്ത് പാസ്റ്റർക്ക് ദശംശം കൊടുത്താൽ അനുഗ്രഹം ലഭിക്കും എന്ന് പഠിപ്പിക്കുന്നത് പണക്കൊതി കാരണമാണെന്ന് കരുതാം. പക്ഷേ, അത് കേട്ട്, അക്ഷരം മിണ്ടാതെ, വേദവചനം പരിശോധിക്കാത്തവരാണ് മണ്ടന്മാർ.

സന്തോഷത്തോടെ കൊടുക്കുന്നവനെ സ്നേഹിക്കുന്ന ദൈവവും പറ്റിക്കുന്ന പാസ്റ്റർമാരും.


നേപ്പാളിലും, ഗുജറാത്തിലും ഭൂകമ്പം ഉണ്ടായപ്പോൾ അവിടെ സഹായം എത്തിക്കുവാനാണ് എന്ന പേരിൽ ചിലർ വസ്ത്രങ്ങളും പുതപ്പുകളുമൊക്കെ നാട്ടുകാരിൽ നിന്നും പിരിച്ചെടുത്തിട്ട് ചന്തകളിൽ വിറ്റതായി വാർത്ത വന്നിരുന്നു. അത്തരം പ്രവൃത്തിക്ക് ചെറ്റത്തരം എന്നും പറയാം.

അങ്ങനെയാണെങ്കിൽ, ഒന്നാം നൂറ്റാണ്ടിൽ യെരൂശലേമിൽ ക്ഷാമം അനുഭവിച്ചിരുന്ന വിശുദ്ധന്മാർക്ക് വേണ്ടി വിഭവസമാഹരണം നടത്തിയതിനെ പറ്റി പൌലോസ് എഴുതിയിരിക്കുന്ന വേദഭാഗങ്ങൾ ഉപയോഗിച്ച് വിശ്വാസികളിൽ നിന്നും പണം കുത്തിപ്പിഴിയുന്ന ജോയി പാസ്റ്ററുടെ പ്രവൃത്തിക്ക് ചെറ്റത്തരം എന്നല്ലാതെ മറ്റൊരു വാക്കുണ്ടോ?

വിശ്വാസികളിൽ നിന്നും പണം കുത്തിപ്പിഴിയുവാൻ ഉപയോഗിക്കുന്ന മൂന്ന് വേദഭാഗങ്ങളും പരസ്പരബന്ധം ഉള്ളവയാണെന്ന് പോലും ജോയി പാസ്റ്റർക്ക് അറിയില്ല.

① റോമർ 15

റോമ 15:25 ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്ക് ശുശ്രൂഷ ചെയ്യുവാൻ യെരൂശലേമിലേക്ക് യാത്രയാണ്.
റോമ 15:26 യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കും അൽപം ധർമ്മോപകാരം (സംഭാവന) ചെയ്യുവാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് ഇഷ്ടം തോന്നി.
ഇവിടെ സംഭാവന ചെയ്യുന്നവർ മക്കെദോന്യയിലും അഖായയിലും ഉള്ളവരാണെന്നതും ഗുണഭോക്താക്കൾ യെരൂശലേമിലുള്ള ദരിദ്രരായ വിശുദ്ധന്മാരാണെന്നതും ശ്രദ്ധിക്കുക. (അഖായ കൊരിന്തിന് അടുത്തുള്ള സ്ഥലമാണ് - 2കൊരി 1:1)

നമ്മുടെ ജോയി പാസ്റ്റർ യെരൂശലേമിലല്ല, തിരുവല്ലായിലാണ്, അദ്ദേഹം വിശുദ്ധനായിരിക്കാം, പക്ഷേ ദരിദ്രനല്ല. അതുകൊണ്ടുതന്നെ, ഈ സംഭാവനയിൽ നിന്നും നയാപൈസയ്ക്ക് അദ്ദേഹത്തിന് അർഹതയില്ല.

② 1 കൊരിന്ത്യർ 16

1കൊരി 16:1 വിശുദ്ധന്മാർക്ക് വേണ്ടിയുള്ള ധർമ്മശേഖരത്തിൻറെ കാര്യത്തിലോ ഞാൻ ഗലാത്യ സഭകളോട് ആജ്ഞാപിച്ചത് പോലെ നിങ്ങളും (അഖായ, കൊരിന്ത സഭകൾ) ചെയ്യുവിൻ.
1കൊരി 16:2 ഞാൻ വന്ന ശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കുവാൻ ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്ക് കഴിവുള്ളത് സൂക്ഷിച്ച് തൻറെ പക്കൽ വെച്ചുകൊള്ളേണം.
അതായത്, സഭയിൽ കൊണ്ടുവരികയോ, പാസ്റ്ററിന് കൊടുക്കുകയോ വേണ്ട.
1കൊരി 16:3 ഞാൻ എത്തിയ ശേഷം നിങ്ങളുടെ സംഭാവന യെരൂശലേമിലേക്ക് കൊണ്ടുപോകുവാൻ നിങ്ങൾക്ക് സമ്മതമുള്ളവരെ ഞാൻ എഴുത്തോട് കൂടെ അയയ്ക്കും.
എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? യെരൂശലേമിലേക്ക്. ജോയി പാസ്റ്ററുടെ തറവാട്ടിലേയ്ക്കല്ല!
1കൊരി 16:3 ഞാനും പോകുവാൻ തക്കവണ്ണം അത് യോഗ്യമായിരുന്നാൽ അവർക്കും എന്നോട് കൂടി പോരാം.
1കൊരി 16:4 ഞാൻ മക്കെദോന്യയിൽ കൂടി കടന്ന ശേഷം നിങ്ങളുടെ അടുത്ത് വരും; മക്കെദോന്യയിൽ കൂടിയാണ് ഞാൻ വരുന്നത്.
മക്കെദോന്യയിൽ നിന്നുമുള്ള സംഭാവന സ്വീകരിച്ചുകൊണ്ടാണ് കൊരീന്തിലേക്ക് (അഖായ) വന്ന്, അവിടെനിന്നുമുള്ള സംഭാവനയും ചേർത്ത്, വിശ്വസ്തനായ ഒരാളുടെ കൈയ്യിൽ കത്തും കൊടുത്ത് യെരൂശലേമിലേയ്ക്ക് അയയ്ക്കുവാനാണ് പദ്ധതി.
ഇവിടെ സംഭാവന സ്വീകരിക്കുന്നത് പൌലോസിൻറെ സ്വന്തം ആവശ്യത്തിനല്ല. തദ്ദേശ (കൊരിന്ത) സഭയുടെ ആവശ്യത്തിനുമല്ല.

റോമ 15:25-27ൽ എന്നതുപോലെ ഇവിടെയും ഗുണഭോക്താക്കൾ യെരൂശലേമിലെ വിശുദ്ധരാണ്, സംഭാവനചെയ്യുന്നവർ അഖായ (കൊരീന്ത), മക്കെദോന്യ സഭകളാണ്.

③ 2 കൊരിന്ത്യർ 9

2കൊരി 9:1 വിശുദ്ധന്മാർക്ക് വേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെ കുറിച്ച് നിങ്ങൾക്ക് എഴുതേണ്ട ആവശ്യമില്ലല്ലോ.
കാരണം ഇതിനുമുമ്പ് എഴുതിയതാണ്. ഈ അദ്ധ്യായത്തിൽ യെരൂശലേമിലുള്ള വിശുദ്ധന്മാർക്ക് എന്ന് വ്യക്തമാക്കാത്തതിൽ കടിച്ചുതൂങ്ങേണ്ട, ജോയി പാസ്റ്ററേ, ഈ ലേഖനത്തിലുള്ള പല കാര്യങ്ങളും ഒന്നാം ലേഖനത്തിൻറെ തുടർച്ചയാണെന്ന് പഠിച്ചിട്ടുള്ളവർക്ക് അറിയാം.
2കൊരി 9:2 അഖായ കഴിഞ്ഞ ആണ്ട് മുതൽ ഒരുങ്ങിയിരിക്കുന്നു എന്ന് ഞാൻ നിങ്ങളെക്കുറിച്ച് മക്കെദോന്യരോട് പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ ഉത്സാഹം മിക്കവർക്കും ഉത്സാഹകാരണമായി തീർന്നിരിക്കുന്നു.
മുമ്പ് കണ്ടതുപോലെ, സംഭാവന ചെയ്യുന്നവർ അഖായയിലും, മക്കെദോന്യയിലും ഉള്ളവരാണ്.
2കൊരി 9:5 ആകയാൽ സഹോദരന്മാർ ഞങ്ങൾക്ക് മുമ്പേ അങ്ങോട്ട് വരികയും നിങ്ങൾ മുമ്പ് വാഗ്ദാനം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായി ഒരുങ്ങിയിരിക്കുവാൻ തക്കവണ്ണം മുൻകൂട്ടി ഒരുക്കിവെക്കുകയും ചെയ്യുവാൻ അവരോട് അപേക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നി.
ഇവിടെ ജോയി പാസ്റ്ററല്ല, ഒരുക്കിവെക്കേണ്ടത്. വിശുദ്ധന്മാർക്കുള്ള സംഭാവന വഹിച്ചുകൊണ്ട് യെരൂശലേമിലേയ്ക്ക് പോകേണ്ടവരാണ്.
2കൊരി 9:6 എന്നാൽ അൽപം വിതയ്ക്കുന്നവൻ അൽപം കൊയ്യും; ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യും എന്ന് ഓർത്തുകൊള്ളുവിൻ.
പാസ്റ്ററിന് കുറവ് കൊടുക്കുന്നവർ കുറവ് കൊയ്യുമെന്നല്ല, പാസ്റ്ററേ, ദരിദ്രർക്ക് കുറവ് കൊടുക്കുന്നവർ കുറവ് കൊയ്യും, അധികം കൊടുക്കുന്നവർ അധികം കൊയ്യുമെന്നാണ്, മനസ്സിലായോ? (സദൃ 19:17; 28:27)
2കൊരി 9:7 അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചത് പോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബന്ധത്താലും അരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.
ബ്ലേഡ് കമ്പനിക്കാർ പലിശ പിരിക്കുന്നത് പോലെ, 10% പിടിച്ചുപറിക്കുന്നതിനെ പറ്റിയല്ല, സ്വമനസ്സാലേ, സന്തോഷത്തോടേ കൊടുക്കുന്നതിനെ പറ്റിയാണ് ഇവിടെ എഴുതിയിരിക്കുന്നത്. മനസ്സിലായോ ജോയി പാസ്റ്ററേ? ദശാംശം നൽകാത്തവരുടെ പേരുകൾ സഭയിൽ പരസ്യമായി വിളിച്ചുപറഞ്ഞ് അപമാനിക്കുന്നത് ബ്ലേഡ് കമ്പനിക്കാർ കഴുത്തിന് പിടിച്ച് പണം വാങ്ങുന്നതിനേക്കാൾ ഒട്ടും മാന്യമായ പ്രവൃത്തിയല്ല.
ഈ അദ്ധ്യായം തുടർന്ന് വായിക്കുമ്പോൾ ദശാംശമായി നൽകേണ്ടത് കാർഷികോൽപ്പന്നങ്ങൾ ആണെന്നും, അങ്ങനെ നൽകുന്നവരുടെ കൃഷിയെ ദൈവം അനുഗ്രഹിക്കുന്നതിനെ പറ്റിയും പരാമർശിക്കുന്നുണ്ട്.
  • തദ്ദേശ സഭയ്ക്കായി പിരിവെടുക്കുന്നതിനെ പറ്റി ഈ മൂന്ന് വേദഭാഗങ്ങളിലും ഇല്ല. 
  • സഭയിൽ പിരിവ് നടത്തുന്നതിനെ പറ്റി ഇല്ല.
  • സംഭാവനകൾ എല്ലാവരും അവനവൻറെ കൈവശം ചേർത്തുവെക്കണം എന്നല്ലാതെ, 
  • സഭയിൽ കൊണ്ടുവരണമെന്നോ, പാസ്റ്ററെ ഏൽപിക്കണമെന്നോ എഴുതിയിട്ടില്ല.
പ്രിയ ചക്കുപുരയ്ക്കൽ ജോയി പാസ്റ്ററേ, ഈ വേദഭാഗങ്ങൾ താങ്കളുടെ ദ്രവ്യാഗ്രഹത്തിന് വേണ്ടി ദുരുപയോഗം ചെയ്യാമെന്നല്ലാതെ, താങ്കൾ നടത്തുന്ന തട്ടിപ്പിന് ഈ വേദഭാഗങ്ങൾ സാധുത നൽകുന്നില്ല.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

① ദശാംശം പഴയനിയമത്തിൽ.

ക്രിസ്തുവിൽ പ്രിയരേ,

ആത്മാർത്ഥമായും അർപ്പണബുദ്ധിയോടെയും ദൈവരാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും വിശ്വാസികൾ നിർലോഭം സഹായിക്കണം എന്നുതന്നെയാണ് ഈ പരമ്പരയുടെ താൽപര്യം. അതേ സമയം, അപ്രസക്തമായ വേദവചനങ്ങളെ വളച്ചൊടിച്ച് വിശ്വാസികളെ കുത്തിപ്പിഴിയുന്ന സമ്പ്രദായം അവസാനിക്കണം. അത്തരം ദുർവ്യാഖ്യാനങ്ങളുടെ ആവശ്യമില്ല, കാരണം, നിങ്ങളുടെ പ്രവർത്തനം സുതാര്യമായിരുന്നാൽ കൈയയച്ചും, മനസ്സറിഞ്ഞും സഹായിക്കുവാൻ സന്മനസ്സുള്ളവരാണ് വിശ്വാസികൾ.

[ഈ പരമ്പരയിൽ ഞാൻ വിചാരണചെയ്യുന്ന ചക്കുപുരയ്ക്കൽ ജോയി പാസ്റ്റർ എന്ന കഥാപാത്രത്തിന് എനിക്ക് പരിചിതരായ പല പാസ്റ്റർമാരുടെയും വാദഗതികളും ചരിത്രവും ആരോപിച്ചുകൊണ്ടാണ് ഈ സംവാദം. ഇതേ പേരുള്ള ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ആരുമായും ബന്ധമില്ല. പേര് വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കാത്ത എൻറെ ഒരു സഹപാഠിയുടെ ജീവിതത്തെയും പ്രവൃത്തികളെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾക്ക് പരിചയമുള്ള ഏതെങ്കിലുമൊക്കെ പാസ്റ്റർമാരുമായി ഇയാൾക്ക് സാമ്യം തോന്നിയാൽ അത് യാദൃച്ഛികമാകുവാൻ തരമില്ല.]

നാം ന്യായപ്രമാണത്തിൻ കീഴിലല്ല.


വീണ്ടും വീണ്ടും മനസ്സിരുത്തി വായിച്ച് സ്വായത്തമാക്കേണ്ട ആശയമാണിത്:
ഗലാ 5:18 ആത്മാവിനെ അനുസരിച്ച് നടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻറെ കീഴിലുള്ളവരല്ല.
റോമ 6:14 നിങ്ങൾ ന്യായപ്രമാണത്തിന് അല്ല, കൃപയ്ക്ക് അധീനർ ആയതിനാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.
പാപത്തിൻറെയും മരണത്തിൻറെയും കർത്തൃത്വം ന്യായപ്രമാണത്തിനാണ്. (അത് ഈ ലേഖനത്തിൻറെ വിഷയമല്ല.)

ഗലാത്യർക്കുള്ള ലേഖനം മുഴുവനും ന്യായപ്രമാണത്തിൻറെ അടിമത്തത്തിലേക്ക് തിരിച്ചുപോകുവാൻ വെമ്പൽകൊള്ളുന്നവർക്ക് എതിരെയുള്ള ഭർത്സനമാണ്. ഈ പശ്ചാത്തലത്തിൽ വേണം ന്യായപ്രമാണത്തിൽ വേരുകളുള്ള ദശാംശം എന്ന സമ്പ്രദായത്തെ സമീപിക്കുവാൻ.

അബ്രഹാം മെൽക്കീസേദെക്കിന് ദശാംശം കൊടുത്തില്ലേ?


“നാം ന്യായപ്രമാണത്തിൻറെ അധീനതയിൽ അല്ലല്ലോ, പിന്നെന്തിന് ദശാംശം കൊടുക്കണം?” (ഉൽ 14:20) എന്ന് ചോദിച്ചാൽ ഉടനേ വരുന്ന മറുചോദ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ആശയം കൊള്ളാം പക്ഷേ, മെൽക്കീസേദെക്ക് ആര്? ഈ ചോദ്യം ഉന്നയിക്കുന്ന ചക്കുപുരയ്ക്കൽ ജോയി പാസ്റ്റർ ആര്?
എബ്രാ 7:3 അദ്ദേഹത്തിന് (മെൽക്കീസേദെക്കിന്) പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അദ്ദേഹം ദൈവപുത്രന് തുല്യനായി എന്നേയ്ക്കും പുരോഹിതനായിരിക്കുന്നു.
ചക്കുപുരയ്ക്കൽ മത്തായി - മറിയക്കുട്ടി മകൻ ജോയി പാസ്റ്ററേ, താങ്കൾക്ക് പിതാവും മാതാവും (പച്ച മലയാളത്തിൽ തന്തേം തള്ളേം) ഇല്ലേ? ഒരു ദിവസം താങ്കൾ മരിച്ച് അടക്കപ്പെടില്ലേ? താങ്കളാണോ മെൽക്കീസേദെക്കിന് തുല്യൻ? താങ്കളാണോ ദൈവപുത്രന് തുല്യൻ? അല്ലെങ്കിൽ പിന്നെ ഏത് വകുപ്പിലാണ് താങ്കൾക്ക് ദശാംശം നൽകേണ്ടത്?

യെഹൂദരുടെ വിശ്വാസത്തിൽ പുരോഹിതന്മാരുണ്ട്, പൌരോഹിത്യമുണ്ട്. ക്രൈസ്തവ വിശ്വാസത്തിൽ വിശ്വാസികളെല്ലാം പുരോഹിതരാണ്. നിങ്ങടെ സെമിത്തേരിയിൽ, സോറി, സെമിനാരിയിൽ (തിയോളജി കോളേജിൽ) അങ്ങനെ പഠിപ്പിച്ചിട്ടില്ലല്ലേ? ഇതാ പിടിച്ചോളൂ വചനങ്ങൾ:
1പത്രോ 2:5 നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മീയ ഗൃഹമായി യേശു ക്രിസ്തു മുഖാന്തരം ദൈവത്തിന് പ്രസാദമുള്ള ആത്മീയ യാഗം കഴിക്കുവാൻ തക്ക വിശുദ്ധ പുരോഹിത വർഗം ആകേണ്ടതിന് പണിയപ്പെടുന്നു.
1പത്രോ 2:9 നിങ്ങളോ അന്ധകാരത്തിൽ നിന്നും തൻറെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻറെ സൽഗുണങ്ങളെ ഘോഷിക്കുവാൻ തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വർഗവും വിശുദ്ധ വംശവും സ്വന്തം ജനവും ആകുന്നു.
പാസ്റ്ററേ, ഇത് പാസ്റ്റർമാർക്ക് എഴുതിയ ലേഖനമല്ല, വിശ്വാസികൾക്ക് എഴുതിയതാണ്, മനസ്സിലായോ?
വെളി 1:6 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തൻറെ രക്തത്താൽ വിടുവിച്ചു തൻറെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതരും ആക്കിത്തീർത്ത അവിടത്തേക്ക് എന്നെന്നേയ്ക്കും മഹത്വവും ബലവും; ആമേൻ.
പാസ്റ്ററേ, ഞാനും നിങ്ങളും ഒരുപോലെ പുരോഹിതന്മാരാണെങ്കിൽ ഞാൻ എന്തിന് നിങ്ങൾക്ക് ദശാംശം തരണം? നിങ്ങൾക്ക് മെൽക്കീസേദെക്കിൻറെ അവകാശങ്ങൾ ഉണ്ടെങ്കിൽ എന്തുകൊണ്ട് എനിക്കില്ല?

എബ്രാ 7:4ൽ നിന്നും മനസ്സിലാകുന്നത് അബ്രാം ശത്രുക്കളെ കൊള്ളയടിച്ച് കൊണ്ടുവന്ന സാധനങ്ങളിൽ നിന്നുമാണ് മെൽക്കീസേദെക്കിന് ദശാംശം നൽകിയതെന്നാണ്. അബ്രാം ദശാംശം നൽകിയത് ശമ്പളത്തിൽ നിന്നുമല്ല, കൃഷിയിലോ, കച്ചവടത്തിലോ നിന്നുമുള്ള ആദായത്തിൽ നിന്നുമല്ല. അതായത്, കൊള്ളയടിച്ച്, ഓസിൽ കിട്ടിയതിൽ നിന്നുമാണ് അബ്രാം ദശാംശം നൽകിയത്. പാസ്റ്ററേ, താങ്കൾക്ക് ദശാംശം നൽകുവാൻ വേണ്ടി ആരെയെങ്കിലും കൊള്ളയടിച്ചിട്ട് ജയിലിൽ കിടന്ന് ഗോതമ്പുണ്ട തിന്നുവാൻ മനസ്സില്ല.

ദശാംശം ലേവ്യർക്കും, വിധവകൾക്കും...

സംഖ്യ18:24 യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി കൊടുത്തിരിക്കുന്നു ...
ചക്കുപുരയ്ക്കൽ ജോയി പാസ്റ്ററേ, താങ്കൾ എപ്പോഴാണ് ലേവ്യനായത്? പാസ്റ്ററായാൽ ലേവ്യനാകുമോ? അങ്ങനെ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ? താങ്കൾ പഠിച്ച സിമിത്തേരിയിൽ, ക്ഷമിക്കണം, സെമിനാരിയിൽ, ഉടമ്പടി മാറിയതിനെ പറ്റി പഠിപ്പിച്ചിട്ടില്ലേ?
എബ്രാ 7:12 പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിനും മാറ്റം വരേണ്ടത് ആവശ്യമാണ്.
എബ്രാ 7:13 എന്നാൽ ഇത് ആരെക്കുറിച്ച് പറഞ്ഞിരിക്കുന്നുവോ അവിടന്ന് വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിൽ ശുശ്രൂഷ ചെയ്തിട്ടില്ല.
എബ്രാ 7:14 യെഹൂദയിൽ നിന്നും നമ്മുടെ കർത്താവ് ഉദിച്ചു എന്നത് സ്പഷ്ടമാണ്; ആ ഗോത്രത്തോട് മോശെ പൌരോഹിത്യം സംബന്ധിച്ച് ഒന്നും കൽപിച്ചിട്ടില്ല.
പൌരോഹിത്യം ലേവിയുടെ ഗോത്രത്തിൽ നിന്നും യെഹൂദയുടെ ഗോത്രത്തിലേക്ക് മാറി, ന്യായപ്രമാണവും മാറിപ്പോയി, പക്ഷേ, താങ്കൾക്ക് ലേവി ഗോത്രത്തിൻറെയും, ന്യായപ്രമാണത്തിൻറെയും അടിസ്ഥാനത്തിലുള്ള കാശ് വേണം അല്ലേ?

ദ്രവ്യാഗ്രഹം മൂത്ത താങ്കൾ കാണാതിരുന്ന വേറൊരു വേദഭാഗം ഇതാ:
ആവ 26:12 ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിൻറെ എല്ലാ ആദായത്തിൽ നിന്നും ദശാംശം എടുത്ത് ലേവ്യനും പരദേശിയും അനാഥനും വിധവയും നിൻറെ പട്ടണങ്ങളിൽ തൃപ്തിയാംവണ്ണം തിന്നുവാൻ കൊടുത്തു തീർന്ന ശേഷം.
അതായത് ലേവ്യർക്ക് മാത്രമല്ല, പരദേശികൾക്കും, വിധവകൾക്കും, അനാഥർക്കും ദശാംശത്തിന് അവകാശവും അർഹതയുമുണ്ട്. ലേവ്യർക്ക് ഭൂസ്വത്ത് ഇല്ലാത്തതിനാലാണ് ദശാംശം ഏർപ്പെടുത്തിയത്. അവരും വിധവകളും, അനാഥരും, പരദേശികളുമായി ഒരു വ്യത്യാസവുമില്ല. ഓ, അവർക്ക് സ്റ്റേജിൽ കയറിനിന്ന് കാശുകൊടുക്കാത്തവരെ ഭർത്സിക്കുവാനും, പരിഹസിക്കുവാനും കഴിയില്ലല്ലോ, അല്ലേ? ഒന്നൂടെ മനസ്സിരുത്തി വായിച്ചോളൂ: അഗതികൾക്ക് തിന്നുവാനാണ് ദശാംശം, പാസ്റ്റർക്ക് ബി.എം.ഡബ്ല്യൂ വാങ്ങാനോ, ബംഗ്ലാവ് പണിയിക്കുവാനോ, ടി. വി. ചാനലിനോ, അമേരിക്കൻ പര്യടനത്തിനോ അല്ല.

മലാഖി 3ലെ ദശാംശം - വേദപുസ്തകം പഠിക്കാത്തവരുടെ തുരുപ്പുചീട്ട്.


നമ്മുടെ ചക്കുപുരയ്ക്കൽ ജോയി പാസ്റ്റർ ഒരു പീടികക്കെട്ടിടത്തിൻറെ ഒന്നാം നില മുഴുവൻ വാടകയ്ക്കെടുത്ത് ഒരു സഭാമന്ദിരം തുടങ്ങി. ജനങ്ങൾ അദ്ദേഹത്തിന് മലാ 3:10 പ്രകാരം ദശാംശം കൊടുക്കണമെന്ന് നിഷ്കർഷിക്കുന്നു. ജോയി പാസ്റ്ററിന് കാശ് കൊടുക്കുന്നതിന് മുമ്പ് മലാ 3:10 നമുക്ക് വായിച്ച് നോക്കാം, നമ്മൾ വെറും ഉണ്ണാക്കന്മാരല്ലല്ലോ, 100% സാക്ഷരതയുള്ള മലയാളികളല്ലേ?
മലാ 3:10 എൻറെ (യഹോവയുടെ) ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്ക് ആകാശത്തിൻറെ കിളിവാതിലുകളെ തുറന്ന്, സ്ഥലം തികയാത്തത്ര നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയുകയില്ലേ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിക്കുവിൻ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
എൻറെ ആലയത്തിൽ എന്ന് യഹോവ പറഞ്ഞത് ജോയി പാസ്റ്റർ പീടികക്കെട്ടിടത്തിൻറെ മുകളിൽ വാടകയ്ക്കെടുത്ത മുറിക്കാണോ? പഴയനിയമത്തിൽ യഹോവയുടെ ആലയം എന്ന് സമാഗമനകൂടാരത്തെയും ശലോമോൻ പണികഴിപ്പിച്ച ദേവാലയത്തെയും വിളിച്ചിട്ടുണ്ട് (പുറ 23:19; 1ശമു 1:24; 1 രാജാ 6:37, തുടങ്ങി അനേകം വചനങ്ങൾ). അവ യഹോവയുടെ ആലയമാണെന്നതിന് തെളിവുണ്ട്.

സമാഗമനകൂടാരവും ശലോമോൻ പണികഴിപ്പിച്ച ദേവാലയവും യഹോവയ്ക്കായി സമർപ്പിച്ചുകഴിഞ്ഞപ്പോൾ യഹോവയുടെ തേജസ്സ് അവയിൽ നിറഞ്ഞു. (പുറ 40:34, 35; 1രാജാ 8:10, 11). സമാഗമനകൂടാരം നിർമ്മിച്ചത് പർവതത്തിൽ വെച്ച് യഹോവ മോശെയ്ക്ക് കാണിച്ചുകൊടുത്ത മാതൃകയിലാണ്. (എബ്രാ 8:5). ശലോമോൻറെ ദേവാലയം നിർമ്മിച്ചത് ദാവീദിന് യഹോവ നൽകിയ മാതൃകയുടെ അടിസ്ഥാനത്തിലാണ്. (1ദിന 28:11-18). ദേവാലയം നിർമ്മിക്കപ്പെടുന്ന സ്ഥലത്ത് ശബ്ദം കേൾക്കാതിരിക്കുവാൻ കല്ലുകൾ പൊട്ടിച്ചതും മിനുക്കിയതും ദൂരെയൊരു സ്ഥലത്താണ്. (1രാജാ 6:7)

ചെല്ലപ്പനാശാരിയുടെ പ്ലാനിൽ പവിത്രൻ മേസ്ത്രിയും കൂട്ടരും മുറുക്കിത്തുപ്പിയും കള്ളുകുടിച്ചും തട്ടിയും മുട്ടിയും ബഹളംവെച്ചും പണിത പീടികക്കെട്ടിടത്തിൻറെ ഒന്നാം നിലയിൽ താങ്കൾ വാടകയ്ക്കെടുത്ത മുറി യഹോവയുടെ ആലയമാണെന്നതിന് തെളിവ് വല്ലതുമുണ്ടോ, ജോയി പാസ്റ്ററേ? ആ മുറി ദൈവശുശ്രൂഷയ്ക്കായി സമർപ്പിച്ചപ്പോൾ യഹോവയുടെ തേജസ്സ് അവിടെ നിറഞ്ഞിരുന്നെന്ന് തെളിയിക്കാൻ കഴിയുമോ?
ലേവി 9:23 മോശെയും അഹരോനും സമാഗമകൂടാരത്തിൽ കടന്നിട്ട് പുറത്തുവന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകല ജനത്തിനും പ്രത്യക്ഷമായി.
ലേവി 9:24 യഹോവയുടെ സന്നിധിയിൽ നിന്നും തീ പുറപ്പെട്ടു യാഗപീഠത്തിൻറെ മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അത് കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.
1രാജാ 8:10 പുരോഹിതർ വിശുദ്ധ മന്ദിരത്തിൽ നിന്നും പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.
1രാജാ 8:11 യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതിനാൽ മേഘം നിമിത്തം ശുശ്രൂഷ ചെയ്യുവാൻ നിൽക്കുവാൻ പുരോഹിതർക്കും കഴിഞ്ഞില്ല.
സമാഗമനകൂടാരവും ദേവാലയവും യഹോവയ്ക്കായി സമർച്ചപ്പോൾ യഹോവയുടെ തേജസ്സ് നിറഞ്ഞത് മാത്രമല്ല, മേഘം അവയെ ആവരണം ചെയ്തിരുന്നു.ജോയി പാസ്റ്ററിൻറെ സഭാമന്ദിരം സമർപ്പിച്ചപ്പോൾ അവിടം മേഘത്താൽ ആവരണം ചെയ്യപ്പെട്ടതിൻറെ ഫോട്ടോയോ വീഡിയോയോ ഉണ്ടോ? സോറി, ജോയി പാസ്റ്ററേ, താങ്കൾ നടത്തുന്ന സംരംഭം യഹോവയുടെ ആലയമാണെന്നതിന് തെളിവില്ല.

അദ്ധ്വാനിക്കുന്നവന് അടിച്ചുപൊളിക്കുവാൻ ദശാംശം!


ആവർത്തനം 26ൽ കാനാൻ ദേശത്തിൽ എത്തിയ ശേഷം കൃഷിചെയ്തുണ്ടാക്കുന്ന വിളവുകളിൽ നിന്നും മൂന്നാമത്തെ വർഷം ദശാംശം കൊടുക്കുന്നത് ലേവ്യർക്കും, വിധവകൾക്കുമൊക്കെ തിന്നുവാനാണ് എന്ന് എഴുതിയിരിക്കുന്നത് നമ്മൾ കണ്ടു. (ആവ 26:12). ഇതിൽ നിന്നും ദശാംശം ആഹാരപദാർത്ഥങ്ങളാണ് എന്നത് വ്യക്തം.

ഈ നിയമത്തിന് അപവാദങ്ങൾ ഇല്ലാതില്ല. ഒരുപക്ഷേ, ദശാംശം നൽകേണ്ട ആൾ ദേവാലയത്തിൽ നിന്നും ദൂരെയാണ് വസിക്കുന്നതെങ്കിൽ അയാളുടെ കാർഷികവിളകൾ ദേവാലയത്തിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാകും. അത്തരം സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് സ്പഷ്ടമായി എഴുതപ്പെട്ടിട്ടുണ്ട്:
ആവ 14:24 നിൻറെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുമ്പോൾ നിൻറെ ദൈവമായ യഹോവ അവിടത്തെ നാമം സ്ഥാപിക്കുവാൻ തെരഞ്ഞെടുക്കുന്ന സ്ഥലം (യെരൂശലേം) വളരെ അകലെയും അത് കൊണ്ടുപോകുവാൻ കഴിയാത്ത വിധം വഴി അത്യധികം ദൂരവും ആയിരുന്നാൽ,
ആവ 14:25 അത് വിറ്റ്, പണമാക്കി പണം കൈയിൽ എടുത്തുകൊണ്ട് നിൻറെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് (ഇത് എവിടെയുമാകാം) കൊണ്ടുപോകേണം.
ആവ 14:26 നിൻറെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ (wine, or strong drink) ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്ത്, വാങ്ങി നിൻറെ ദൈവമായ യഹോവയുടെ സന്നിധിയിൽ തിന്ന് നീയും നിൻറെ കുടുംബവും സന്തോഷിക്കേണം.
ആവ 14:27 നിൻറെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുത്; അവന് നിന്നോട് കൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.
അവിഭക്ത യിസ്രായേലിൽ യോർദ്ദാന് കിഴക്ക് ഭൂസ്വത്ത് ലഭിച്ചവർക്ക് യെരൂശലേമിൽ എത്തുന്നത് ശ്രമകരമായിരുന്നതിനാലാണ് ഇത്തരമൊരു നിബന്ധന ഉണ്ടാക്കിയത്.

ഇവിടെ ദശാംശം പണമാകാം, പക്ഷേ, അത് ദേവാലയത്തിൽ കൊണ്ടുപോകേണ്ട, പുരോഹിതന് കൊടുക്കേണ്ട. ദശാശം കൊടുക്കേണ്ട ആൾ സ്വന്തം കുടുംബത്തെയും, തൻറെ നാട്ടിലുള്ള ലേവ്യരെയും കൂട്ടിക്കൊണ്ട് യഹോവ നിർദ്ദേശിക്കുന്ന സ്ഥലത്തേയ്ക്ക് ഒരു പിൿനിക്ക് പോയി, അവിടെ ബീഫ് ബിരിയാണിയോ, മട്ടൺ ബിരിയാണിയോ, ബ്രാണ്ടിയോ, വിസ്കിയോ കുടിച്ച്, (എന്തേ, പിടിച്ചില്ലേ, വചനം വീണ്ടും വായിക്കൂ) അടിച്ചുപൊളിച്ച്, ആഘോഷിക്കുവാനാണ് യഹോവ പറയുന്നത്. ജോയി പാസ്റ്ററേ, ഈ വകുപ്പിൽ 10 പൈസ നിങ്ങൾക്ക് കിട്ടില്ല.

ദശാംശം പണമായി നൽകാം എന്ന വാദത്തിൻറെ പടക്കം അങ്ങനെ ചീറ്റിപ്പോയി!

ലോകത്തിലെ ഏറ്റവും വലിയ 1000 ധനികരിൽ ഒരു പാസ്റ്റർ പോലും ഇല്ലാത്തതെന്ത്?


ഞാൻ കൃത്യമായി ദശാംശം കൊടുക്കുവാൻ തുടങ്ങിയപ്പോൾ കർത്താവ് കനിഞ്ഞു, എനിക്ക് നല്ല ജോലി കിട്ടി, പണമുണ്ടായി, മകൾക്ക് കല്യാണം നടന്നു, മകൻ ഗൾഫിൽ പോയി, വീട് വെച്ചു ... ഇങ്ങനെ തള്ള് തള്ളുന്ന സാക്ഷ്യങ്ങൾക്ക് ഒരു ദൌർലഭ്യവുമില്ല. ഒന്ന് ചോദിക്കട്ടേ:
  • അനിൽ അമ്പാനിക്കും, മുകേഷ് അമ്പാനിക്കും പണമുണ്ടായത് ഏത് പാസ്റ്റർക്ക് ദശാംശം കൊടുത്തിട്ടാണ്?
  • ഷാരുഖ് ഖാൻ ആർക്ക് ദശാംശം കൊടുത്തിട്ടാണ് 150 കോടി രൂപ വിലമതിക്കുന്ന വീടുണ്ടായത്?
  • ലക്ഷക്കണക്കിന് മുസൽമാൻമാർ ഗൾഫിൽ പോകുന്നത് ഏത് പാസ്റ്റർക്ക് ദശാംശം കൊടുത്തിട്ടാണ്?
  • ഇന്ത്യൻ ജനസംഖ്യ 125 കോടിയായത് ജനങ്ങൾ പാസ്റ്റർമാർക്ക് ദശാംശം കൊടുത്ത് കുട്ടികൾ ഉണ്ടായതിനാലാണോ?
  • ഇന്ത്യയിലെ 80.5% ഹിന്ദുക്കൾക്കും, 13.4% മുസൽമാൻമാർക്കും കുട്ടികൾ ഉണ്ടാകുന്നത് പാസ്റ്റർമാർക്ക് ദശാംശം കൊടുത്തിട്ടാണോ?
പാസ്റ്റർക്ക് ദശാംശം കൊടുക്കാത്തതിനാലാണ് യഹോവ നമ്മളെ അനുഗ്രഹിക്കാത്തതെങ്കിൽ, അനുഗ്രഹത്തിൻറെ നീർച്ചാലുകളായ പാസ്റ്റർമാരിൽ ഒരാൾ പോലും ലോകത്തിലെ ഏറ്റവും ധനികരായ 1000 പേരുടെ പട്ടികയിൽ ഇല്ലാത്തതെന്ത്? ലോകത്തിലെ ഏറ്റവും ധനികരായ പാസ്റ്റർമാരായ ടി.ഡി.ജെയ്ക്സിനും (T. D Jakes), ഡേവിഡ് ഒയെഡെപോയ്ക്കും (David Oyedepo) ലോകത്തിലെ ആയിരാമത്തെ ധനികൻറെ പത്തിലൊന്ന് പോലും ആസ്തിയില്ല. (യേ റോങ്‍ നമ്പർ ഹേ! പാസ്റ്റർമാരുടെ അവകാശവാദങ്ങളും അവരുടെ ശിങ്കിടികളുടെ സാക്ഷ്യങ്ങളും ശുദ്ധ തട്ടിപ്പാണ്.)

യഹോവ എന്തായിരുന്നു ഉദ്ദേശിച്ചത്?

മലാ 3:10 എൻറെ (യഹോവയുടെ) ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവിൻ...
ദശാംശം കൊണ്ടുവരേണ്ടത് ആലയത്തിൽ ആഹാരം ഉണ്ടായിരിക്കുവാനാണ്. കറൻറ് ബില്ല് അടയ്ക്കുവാനോ, കെട്ടിടത്തിൻറെ വാടക കൊടുക്കുവാനോ, പാസ്റ്ററിൻറെ ശമ്പളത്തിനോ അല്ല.

“പണം കൊണ്ടുവന്നാൽ ആഹാരം വാങ്ങി കഴിച്ചുകൂടേ?” എന്ന് ചോദിച്ചേക്കാം, അതിന് ലളിതമായ മറുപടി ഇതാണ്: പണം പുഴുങ്ങിത്തിന്നാനാവില്ല. കാവേരി പ്രശ്നം കാരണം ബന്ദുകൾ സർവസാധാരണമായ കർണ്ണാടകത്തിലെ മാണ്ഡ്യയിൽ ബന്ദ് നടക്കുമ്പോൾ ഒരുകെട്ട് പണവുമായി പോയിനോക്ക് ആഹാരം കിട്ടുമോ എന്നറിയാം.

ഈ വചനത്തിൽ ആഹാരപദാർത്ഥങ്ങൾ ദേവാലയത്തിൻറെ കലവറയിൽ എത്തിക്കുന്നതിനെ പറ്റിയാണ് എഴുതിയിരിക്കുന്നത്. പണത്തിനെ പറ്റിയല്ല. യെരൂശലേമിലുള്ള ലേവ്യരുടെയും, വിധവകളുടെയും, അനാഥരുടെയും, പരദേശികളുടെയും ആഹാരത്തിനാണ് ദശാംശം കൊണ്ടുവരുവാൻ ആവശ്യപ്പെട്ടത്, പാസ്റ്ററിന് ബി.എം.ഡബ്ല്യു വാങ്ങാനല്ല.

പാസ്റ്റർമാർക്ക് ദശാംശം കൊടുത്തതുകൊണ്ട് യഹോവ നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയുകയില്ല, കാരണം, അഗതികളുടെ ആഹാരത്തിനാണ് ദശാംശം, പാസ്റ്ററുടെ അഹങ്കാരത്തെ ശമിപ്പിക്കുവാനല്ല.

മലാ 3:10ൻറെ ആശയം ഉൾക്കൊള്ളുന്ന വചനങ്ങൾ വേറെയുമുണ്ട്:
സദൃ 19:17 ദരിദ്രരോട് ദയ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവിടന്ന് പകരം കൊടുക്കും.
സദൃ 28:27 ദരിദ്രന് കൊടുക്കുന്നവന് കുറവ് ഉണ്ടാകുകയില്ല; കണ്ണ് അടച്ചുകളയുന്നവന് ഏറെ ശാപം ഉണ്ടാകും.
നിങ്ങൾക്ക് യഹോവയുടെ അനുഗ്രഹം വേണമെങ്കിൽ അഗതികളെ സഹായിക്കാം. (സദൃശ്യവാക്യങ്ങൾ ന്യായപ്രമാണത്തിൻറെ ഭാഗമല്ല.)

അറ്റകുറ്റപ്പണികൾക്കുള്ള വ്യവസ്ഥകൾ.


(ഇത് ന്യായപ്രമാണത്തിൻറെ ഭാഗമല്ല, പഴയനിയമത്തിൻറെ ഭാഗമാണ്.)

യെഹോവാശ് രാജാവും യെഹോയാദ പുരോഹിതനുമായിരുന്ന കാലത്ത് ദേവാലയത്തിന് അറ്റകുറ്റപ്പണികൾ നടത്തേണ്ട ആവശ്യം വന്നു. അപ്പോൾ, പുരോഹിതന്മാർ തങ്ങൾക്ക് വിവിധ സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന പണം ദേവാലയത്തിൻറെ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കണം എന്ന് യെഹോവാശ് നിർദ്ദേശിച്ചു. (2രാജാ 12:4-8). പുരോഹിതന്മാർ അതിന് സമ്മതിച്ചു (ജോയി പാസ്റ്ററെ പോലെ പണത്തിനായി കടുപിടുത്തം നടത്തുന്നവരല്ലായിരുന്നു എന്ന് അർത്ഥം.)

അപ്പോഴാണ് യെഹോയാദ പുരോഹിതന് ഒരു ആശയം ഉദിച്ചത്:
2രാജാ 12:9 അപ്പോൾ യെഹോയാദ പുരോഹിതൻ ഒരു പെട്ടി എടുത്ത് അതിൻറെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന് അരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിൻറെ വലത് ഭാഗത്ത് വെച്ചു; വാതിൽ കാക്കുന്ന പുരോഹിതർ യഹോവയുടെ ആലയത്തിലേക്ക് വരുന്ന ദ്രവ്യം എല്ലാം അതിൽ ഇടും.
2രാജാ 12:10പെട്ടിയിൽ ദ്രവ്യം വളരെയായി എന്ന് കാണുമ്പോൾ രാജാവിൻറെ രായസക്കാരനും മഹാപുരോഹിതനും ചെന്ന് യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം എണ്ണി സഞ്ചികളിൽ കെട്ടും.
2രാജാ 12:11 അവർ ദ്രവ്യം യഹോവയുടെ ആലയത്തിൻറെ പണി നടത്തുന്ന വിചാരകരുടെ പക്കൽ തൂക്കിക്കൊടുക്കും; അവർ അത് യഹോവയുടെ ആലയത്തിൽ പണി ചെയ്യുന്ന ആശാരിമാർക്കും ശിൽപികൾക്കും
2രാജാ 12:12 കൽപണിക്കാർക്കും കല്ലുവെട്ടുകാർക്കും യഹോവയുടെ ആലയത്തിൻറെ അറ്റകുറ്റം തീർക്കുവാൻ വേണ്ട മരവും ചെത്തിയ കല്ലും വാങ്ങുന്നതിനും ആലയത്തിൻറെ അറ്റകുറ്റം തീർക്കുവാൻ വേണ്ട ചെലവിനും കൊടുക്കും.
2രാജാ 12:14 പണി ചെയ്യുന്നവർക്കും മാത്രം അത് കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന് അറ്റകുറ്റം തീർക്കും.
2രാജാ 12:15 എന്നാൽ പണി ചെയ്യുന്നവർക്കും കൊടുക്കുവാൻ ദ്രവ്യം ഏറ്റുവാങ്ങിയവരോട് അവർ കണക്ക് ചോദിച്ചില്ല; വിശ്വാസത്തിൻറെ മേൽ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നത്.
2രാജാ 12:16 അകൃത്യയാഗത്തിൻറെ ദ്രവ്യവും പാപയാഗത്തിൻറെ ദ്രവ്യവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അത് പുരോഹിതർക്കായിരുന്നു.
ചത്താലും കുറുക്കൻറെ കണ്ണ് കോഴിക്കൂട്ടിലാണ് എന്ന് പറയുന്നത് പോലെ, 2രാജാ 12:16ൽ അകൃത്യയാഗത്തിൻറെ ദ്രവ്യവും പാപയാഗത്തിൻറെ ദ്രവ്യവും എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ച ജോയി പാസ്റ്റർ ഇനി അതും പറഞ്ഞ് ജനങ്ങളെ കുത്തിപ്പിഴിയുമോ, കർത്താവേ?

ദേവാലയത്തിൻറെ അറ്റകുറ്റം തീർക്കുവാൻ ജനങ്ങൾ നൽകുന്ന പണം ആ ഉദ്ദേശ്യത്തിന് മാത്രമായി ഉപയോഗിച്ചിരുന്നു. പുരോഹിതർക്കോ, ലേവ്യർക്കോ അതിൽ ഓഹരി ലഭിച്ചിരുന്നില്ല.

ചക്കുപുരയ്ക്കൽ ജോയി പാസ്റ്ററേ, താങ്കളുടെ തട്ടിപ്പിനുള്ള വ്യവസ്ഥ പഴയനിയമത്തിൽ ഇല്ല.

പുതിയനിയമത്തിൽ ഉണ്ടെന്ന് പറയപ്പെടുന്ന ദശാംശത്തെ പറ്റി അടുത്ത ഭാഗത്തിൽ.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ