Sunday, December 18, 2016

② ദശാംശം പുതിയനിയമത്തിൽ.

ക്രിസ്തുവിൽ പ്രിയരേ,

ചക്കുപരയ്ക്കൽ ജോയി പാസ്റ്ററെ വിചാരണ ചെയ്യുന്നത് തുടരുകയാണ് ഈ ലേഖനത്തിൽ. ഇതിൻറെ ആദ്യഭാഗം ദേ, ഇവിടെ വായിക്കാം, വായിക്കണം.

എബ്രായർ 7ൽ അബ്രാഹം മെൽക്കീസേദെക്കിന് ദശാംശം നൽകിയതിനെ പറ്റിയുള്ള പരാമർശവും പരീശൻറെ പ്രാർത്ഥനയും (ലൂക്കോ 18:12) ഒഴികെ ഒരേയൊരു സന്ദർഭത്തിൽ മാത്രമേ ദശാംശം എന്ന വാക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ളൂ. അത് നമ്മുടെ കർത്താവിൻറെ വാക്കുകളിലാണ്.
മത്താ 23:23: കപട ഭക്തിക്കാരായ ശാസ്ത്രിമാരേ പരീശരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം (ദശാംശം) കൊടുക്കുകയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളയുകയും ചെയ്യുന്നു. അത് ചെയ്യുകയും ഇത് ത്യജിക്കാതിരിക്കുകയും വേണം.
ലൂക്കോ 11:42 പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം (ദശാംശം) കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; ഇത് ചെയ്യുകയും അത് ത്യജിക്കാതിരിക്കുകയും വേണം.
ഈ വചനങ്ങളിൽ നിന്നും ദശാംശത്തെ യേശു അംഗീകരിച്ചു എന്ന് കണ്ടുപിടിച്ച ജോയി പാസ്റ്റർ, ഈ വചനങ്ങളിൽ കാർഷിക വിളകളാണ് ദശാംശമായി കൊടുക്കേണ്ടത് എന്ന കാര്യം കാണാതിരുന്നത് ജോയി പാസ്റ്ററുടെ കണ്ണുകൾക്ക് വെള്ളെഴുത്ത് പിടിപെട്ട കാരണമാണോ? ശാസ്ത്രിമാരും പരീശരും ദശാംശം കൊടുക്കാറുണ്ട് എന്ന് പറഞ്ഞതല്ലാതെ ക്രൈസ്തവർ ദശാംശം കൊടുക്കണമെന്ന് യേശു പറഞ്ഞിട്ടില്ല.

ഈ രണ്ട് വചനങ്ങളും യെഹൂദ മതമേധാവികൾക്ക് അപ്പോൾ വരുവാനിരുന്ന ശിക്ഷയുടെ ഭാഗമാണ് എന്നതാണ് രസകരം. (മത്താ 23:35, 36) അത്തരം ഒരു സന്ദർഭത്തിൽ നിന്നും ഒരു വചനം അടർത്തിയെടുത്ത് പാസ്റ്റർക്ക് ദശംശം കൊടുത്താൽ അനുഗ്രഹം ലഭിക്കും എന്ന് പഠിപ്പിക്കുന്നത് പണക്കൊതി കാരണമാണെന്ന് കരുതാം. പക്ഷേ, അത് കേട്ട്, അക്ഷരം മിണ്ടാതെ, വേദവചനം പരിശോധിക്കാത്തവരാണ് മണ്ടന്മാർ.

സന്തോഷത്തോടെ കൊടുക്കുന്നവനെ സ്നേഹിക്കുന്ന ദൈവവും പറ്റിക്കുന്ന പാസ്റ്റർമാരും.


നേപ്പാളിലും, ഗുജറാത്തിലും ഭൂകമ്പം ഉണ്ടായപ്പോൾ അവിടെ സഹായം എത്തിക്കുവാനാണ് എന്ന പേരിൽ ചിലർ വസ്ത്രങ്ങളും പുതപ്പുകളുമൊക്കെ നാട്ടുകാരിൽ നിന്നും പിരിച്ചെടുത്തിട്ട് ചന്തകളിൽ വിറ്റതായി വാർത്ത വന്നിരുന്നു. അത്തരം പ്രവൃത്തിക്ക് ചെറ്റത്തരം എന്നും പറയാം.

അങ്ങനെയാണെങ്കിൽ, ഒന്നാം നൂറ്റാണ്ടിൽ യെരൂശലേമിൽ ക്ഷാമം അനുഭവിച്ചിരുന്ന വിശുദ്ധന്മാർക്ക് വേണ്ടി വിഭവസമാഹരണം നടത്തിയതിനെ പറ്റി പൌലോസ് എഴുതിയിരിക്കുന്ന വേദഭാഗങ്ങൾ ഉപയോഗിച്ച് വിശ്വാസികളിൽ നിന്നും പണം കുത്തിപ്പിഴിയുന്ന ജോയി പാസ്റ്ററുടെ പ്രവൃത്തിക്ക് ചെറ്റത്തരം എന്നല്ലാതെ മറ്റൊരു വാക്കുണ്ടോ?

വിശ്വാസികളിൽ നിന്നും പണം കുത്തിപ്പിഴിയുവാൻ ഉപയോഗിക്കുന്ന മൂന്ന് വേദഭാഗങ്ങളും പരസ്പരബന്ധം ഉള്ളവയാണെന്ന് പോലും ജോയി പാസ്റ്റർക്ക് അറിയില്ല.

① റോമർ 15

റോമ 15:25 ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്ക് ശുശ്രൂഷ ചെയ്യുവാൻ യെരൂശലേമിലേക്ക് യാത്രയാണ്.
റോമ 15:26 യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കും അൽപം ധർമ്മോപകാരം (സംഭാവന) ചെയ്യുവാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവർക്ക് ഇഷ്ടം തോന്നി.
ഇവിടെ സംഭാവന ചെയ്യുന്നവർ മക്കെദോന്യയിലും അഖായയിലും ഉള്ളവരാണെന്നതും ഗുണഭോക്താക്കൾ യെരൂശലേമിലുള്ള ദരിദ്രരായ വിശുദ്ധന്മാരാണെന്നതും ശ്രദ്ധിക്കുക. (അഖായ കൊരിന്തിന് അടുത്തുള്ള സ്ഥലമാണ് - 2കൊരി 1:1)

നമ്മുടെ ജോയി പാസ്റ്റർ യെരൂശലേമിലല്ല, തിരുവല്ലായിലാണ്, അദ്ദേഹം വിശുദ്ധനായിരിക്കാം, പക്ഷേ ദരിദ്രനല്ല. അതുകൊണ്ടുതന്നെ, ഈ സംഭാവനയിൽ നിന്നും നയാപൈസയ്ക്ക് അദ്ദേഹത്തിന് അർഹതയില്ല.

② 1 കൊരിന്ത്യർ 16

1കൊരി 16:1 വിശുദ്ധന്മാർക്ക് വേണ്ടിയുള്ള ധർമ്മശേഖരത്തിൻറെ കാര്യത്തിലോ ഞാൻ ഗലാത്യ സഭകളോട് ആജ്ഞാപിച്ചത് പോലെ നിങ്ങളും (അഖായ, കൊരിന്ത സഭകൾ) ചെയ്യുവിൻ.
1കൊരി 16:2 ഞാൻ വന്ന ശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കുവാൻ ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്ക് കഴിവുള്ളത് സൂക്ഷിച്ച് തൻറെ പക്കൽ വെച്ചുകൊള്ളേണം.
അതായത്, സഭയിൽ കൊണ്ടുവരികയോ, പാസ്റ്ററിന് കൊടുക്കുകയോ വേണ്ട.
1കൊരി 16:3 ഞാൻ എത്തിയ ശേഷം നിങ്ങളുടെ സംഭാവന യെരൂശലേമിലേക്ക് കൊണ്ടുപോകുവാൻ നിങ്ങൾക്ക് സമ്മതമുള്ളവരെ ഞാൻ എഴുത്തോട് കൂടെ അയയ്ക്കും.
എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? യെരൂശലേമിലേക്ക്. ജോയി പാസ്റ്ററുടെ തറവാട്ടിലേയ്ക്കല്ല!
1കൊരി 16:3 ഞാനും പോകുവാൻ തക്കവണ്ണം അത് യോഗ്യമായിരുന്നാൽ അവർക്കും എന്നോട് കൂടി പോരാം.
1കൊരി 16:4 ഞാൻ മക്കെദോന്യയിൽ കൂടി കടന്ന ശേഷം നിങ്ങളുടെ അടുത്ത് വരും; മക്കെദോന്യയിൽ കൂടിയാണ് ഞാൻ വരുന്നത്.
മക്കെദോന്യയിൽ നിന്നുമുള്ള സംഭാവന സ്വീകരിച്ചുകൊണ്ടാണ് കൊരീന്തിലേക്ക് (അഖായ) വന്ന്, അവിടെനിന്നുമുള്ള സംഭാവനയും ചേർത്ത്, വിശ്വസ്തനായ ഒരാളുടെ കൈയ്യിൽ കത്തും കൊടുത്ത് യെരൂശലേമിലേയ്ക്ക് അയയ്ക്കുവാനാണ് പദ്ധതി.
ഇവിടെ സംഭാവന സ്വീകരിക്കുന്നത് പൌലോസിൻറെ സ്വന്തം ആവശ്യത്തിനല്ല. തദ്ദേശ (കൊരിന്ത) സഭയുടെ ആവശ്യത്തിനുമല്ല.

റോമ 15:25-27ൽ എന്നതുപോലെ ഇവിടെയും ഗുണഭോക്താക്കൾ യെരൂശലേമിലെ വിശുദ്ധരാണ്, സംഭാവനചെയ്യുന്നവർ അഖായ (കൊരീന്ത), മക്കെദോന്യ സഭകളാണ്.

③ 2 കൊരിന്ത്യർ 9

2കൊരി 9:1 വിശുദ്ധന്മാർക്ക് വേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെ കുറിച്ച് നിങ്ങൾക്ക് എഴുതേണ്ട ആവശ്യമില്ലല്ലോ.
കാരണം ഇതിനുമുമ്പ് എഴുതിയതാണ്. ഈ അദ്ധ്യായത്തിൽ യെരൂശലേമിലുള്ള വിശുദ്ധന്മാർക്ക് എന്ന് വ്യക്തമാക്കാത്തതിൽ കടിച്ചുതൂങ്ങേണ്ട, ജോയി പാസ്റ്ററേ, ഈ ലേഖനത്തിലുള്ള പല കാര്യങ്ങളും ഒന്നാം ലേഖനത്തിൻറെ തുടർച്ചയാണെന്ന് പഠിച്ചിട്ടുള്ളവർക്ക് അറിയാം.
2കൊരി 9:2 അഖായ കഴിഞ്ഞ ആണ്ട് മുതൽ ഒരുങ്ങിയിരിക്കുന്നു എന്ന് ഞാൻ നിങ്ങളെക്കുറിച്ച് മക്കെദോന്യരോട് പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാൻ അറിയുന്നു; നിങ്ങളുടെ ഉത്സാഹം മിക്കവർക്കും ഉത്സാഹകാരണമായി തീർന്നിരിക്കുന്നു.
മുമ്പ് കണ്ടതുപോലെ, സംഭാവന ചെയ്യുന്നവർ അഖായയിലും, മക്കെദോന്യയിലും ഉള്ളവരാണ്.
2കൊരി 9:5 ആകയാൽ സഹോദരന്മാർ ഞങ്ങൾക്ക് മുമ്പേ അങ്ങോട്ട് വരികയും നിങ്ങൾ മുമ്പ് വാഗ്ദാനം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായി ഒരുങ്ങിയിരിക്കുവാൻ തക്കവണ്ണം മുൻകൂട്ടി ഒരുക്കിവെക്കുകയും ചെയ്യുവാൻ അവരോട് അപേക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നി.
ഇവിടെ ജോയി പാസ്റ്ററല്ല, ഒരുക്കിവെക്കേണ്ടത്. വിശുദ്ധന്മാർക്കുള്ള സംഭാവന വഹിച്ചുകൊണ്ട് യെരൂശലേമിലേയ്ക്ക് പോകേണ്ടവരാണ്.
2കൊരി 9:6 എന്നാൽ അൽപം വിതയ്ക്കുന്നവൻ അൽപം കൊയ്യും; ധാരാളമായി വിതയ്ക്കുന്നവൻ ധാരാളമായി കൊയ്യും എന്ന് ഓർത്തുകൊള്ളുവിൻ.
പാസ്റ്ററിന് കുറവ് കൊടുക്കുന്നവർ കുറവ് കൊയ്യുമെന്നല്ല, പാസ്റ്ററേ, ദരിദ്രർക്ക് കുറവ് കൊടുക്കുന്നവർ കുറവ് കൊയ്യും, അധികം കൊടുക്കുന്നവർ അധികം കൊയ്യുമെന്നാണ്, മനസ്സിലായോ? (സദൃ 19:17; 28:27)
2കൊരി 9:7 അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചത് പോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബന്ധത്താലും അരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.
ബ്ലേഡ് കമ്പനിക്കാർ പലിശ പിരിക്കുന്നത് പോലെ, 10% പിടിച്ചുപറിക്കുന്നതിനെ പറ്റിയല്ല, സ്വമനസ്സാലേ, സന്തോഷത്തോടേ കൊടുക്കുന്നതിനെ പറ്റിയാണ് ഇവിടെ എഴുതിയിരിക്കുന്നത്. മനസ്സിലായോ ജോയി പാസ്റ്ററേ? ദശാംശം നൽകാത്തവരുടെ പേരുകൾ സഭയിൽ പരസ്യമായി വിളിച്ചുപറഞ്ഞ് അപമാനിക്കുന്നത് ബ്ലേഡ് കമ്പനിക്കാർ കഴുത്തിന് പിടിച്ച് പണം വാങ്ങുന്നതിനേക്കാൾ ഒട്ടും മാന്യമായ പ്രവൃത്തിയല്ല.
ഈ അദ്ധ്യായം തുടർന്ന് വായിക്കുമ്പോൾ ദശാംശമായി നൽകേണ്ടത് കാർഷികോൽപ്പന്നങ്ങൾ ആണെന്നും, അങ്ങനെ നൽകുന്നവരുടെ കൃഷിയെ ദൈവം അനുഗ്രഹിക്കുന്നതിനെ പറ്റിയും പരാമർശിക്കുന്നുണ്ട്.
  • തദ്ദേശ സഭയ്ക്കായി പിരിവെടുക്കുന്നതിനെ പറ്റി ഈ മൂന്ന് വേദഭാഗങ്ങളിലും ഇല്ല. 
  • സഭയിൽ പിരിവ് നടത്തുന്നതിനെ പറ്റി ഇല്ല.
  • സംഭാവനകൾ എല്ലാവരും അവനവൻറെ കൈവശം ചേർത്തുവെക്കണം എന്നല്ലാതെ, 
  • സഭയിൽ കൊണ്ടുവരണമെന്നോ, പാസ്റ്ററെ ഏൽപിക്കണമെന്നോ എഴുതിയിട്ടില്ല.
പ്രിയ ചക്കുപുരയ്ക്കൽ ജോയി പാസ്റ്ററേ, ഈ വേദഭാഗങ്ങൾ താങ്കളുടെ ദ്രവ്യാഗ്രഹത്തിന് വേണ്ടി ദുരുപയോഗം ചെയ്യാമെന്നല്ലാതെ, താങ്കൾ നടത്തുന്ന തട്ടിപ്പിന് ഈ വേദഭാഗങ്ങൾ സാധുത നൽകുന്നില്ല.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ.

No comments:

Post a Comment