Sunday, December 18, 2016

① ദശാംശം പഴയനിയമത്തിൽ.

ക്രിസ്തുവിൽ പ്രിയരേ,

ആത്മാർത്ഥമായും അർപ്പണബുദ്ധിയോടെയും ദൈവരാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും വിശ്വാസികൾ നിർലോഭം സഹായിക്കണം എന്നുതന്നെയാണ് ഈ പരമ്പരയുടെ താൽപര്യം. അതേ സമയം, അപ്രസക്തമായ വേദവചനങ്ങളെ വളച്ചൊടിച്ച് വിശ്വാസികളെ കുത്തിപ്പിഴിയുന്ന സമ്പ്രദായം അവസാനിക്കണം. അത്തരം ദുർവ്യാഖ്യാനങ്ങളുടെ ആവശ്യമില്ല, കാരണം, നിങ്ങളുടെ പ്രവർത്തനം സുതാര്യമായിരുന്നാൽ കൈയയച്ചും, മനസ്സറിഞ്ഞും സഹായിക്കുവാൻ സന്മനസ്സുള്ളവരാണ് വിശ്വാസികൾ.

[ഈ പരമ്പരയിൽ ഞാൻ വിചാരണചെയ്യുന്ന ചക്കുപുരയ്ക്കൽ ജോയി പാസ്റ്റർ എന്ന കഥാപാത്രത്തിന് എനിക്ക് പരിചിതരായ പല പാസ്റ്റർമാരുടെയും വാദഗതികളും ചരിത്രവും ആരോപിച്ചുകൊണ്ടാണ് ഈ സംവാദം. ഇതേ പേരുള്ള ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ആരുമായും ബന്ധമില്ല. പേര് വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കാത്ത എൻറെ ഒരു സഹപാഠിയുടെ ജീവിതത്തെയും പ്രവൃത്തികളെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾക്ക് പരിചയമുള്ള ഏതെങ്കിലുമൊക്കെ പാസ്റ്റർമാരുമായി ഇയാൾക്ക് സാമ്യം തോന്നിയാൽ അത് യാദൃച്ഛികമാകുവാൻ തരമില്ല.]

നാം ന്യായപ്രമാണത്തിൻ കീഴിലല്ല.


വീണ്ടും വീണ്ടും മനസ്സിരുത്തി വായിച്ച് സ്വായത്തമാക്കേണ്ട ആശയമാണിത്:
ഗലാ 5:18 ആത്മാവിനെ അനുസരിച്ച് നടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻറെ കീഴിലുള്ളവരല്ല.
റോമ 6:14 നിങ്ങൾ ന്യായപ്രമാണത്തിന് അല്ല, കൃപയ്ക്ക് അധീനർ ആയതിനാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.
പാപത്തിൻറെയും മരണത്തിൻറെയും കർത്തൃത്വം ന്യായപ്രമാണത്തിനാണ്. (അത് ഈ ലേഖനത്തിൻറെ വിഷയമല്ല.)

ഗലാത്യർക്കുള്ള ലേഖനം മുഴുവനും ന്യായപ്രമാണത്തിൻറെ അടിമത്തത്തിലേക്ക് തിരിച്ചുപോകുവാൻ വെമ്പൽകൊള്ളുന്നവർക്ക് എതിരെയുള്ള ഭർത്സനമാണ്. ഈ പശ്ചാത്തലത്തിൽ വേണം ന്യായപ്രമാണത്തിൽ വേരുകളുള്ള ദശാംശം എന്ന സമ്പ്രദായത്തെ സമീപിക്കുവാൻ.

അബ്രഹാം മെൽക്കീസേദെക്കിന് ദശാംശം കൊടുത്തില്ലേ?


“നാം ന്യായപ്രമാണത്തിൻറെ അധീനതയിൽ അല്ലല്ലോ, പിന്നെന്തിന് ദശാംശം കൊടുക്കണം?” (ഉൽ 14:20) എന്ന് ചോദിച്ചാൽ ഉടനേ വരുന്ന മറുചോദ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ആശയം കൊള്ളാം പക്ഷേ, മെൽക്കീസേദെക്ക് ആര്? ഈ ചോദ്യം ഉന്നയിക്കുന്ന ചക്കുപുരയ്ക്കൽ ജോയി പാസ്റ്റർ ആര്?
എബ്രാ 7:3 അദ്ദേഹത്തിന് (മെൽക്കീസേദെക്കിന്) പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അദ്ദേഹം ദൈവപുത്രന് തുല്യനായി എന്നേയ്ക്കും പുരോഹിതനായിരിക്കുന്നു.
ചക്കുപുരയ്ക്കൽ മത്തായി - മറിയക്കുട്ടി മകൻ ജോയി പാസ്റ്ററേ, താങ്കൾക്ക് പിതാവും മാതാവും (പച്ച മലയാളത്തിൽ തന്തേം തള്ളേം) ഇല്ലേ? ഒരു ദിവസം താങ്കൾ മരിച്ച് അടക്കപ്പെടില്ലേ? താങ്കളാണോ മെൽക്കീസേദെക്കിന് തുല്യൻ? താങ്കളാണോ ദൈവപുത്രന് തുല്യൻ? അല്ലെങ്കിൽ പിന്നെ ഏത് വകുപ്പിലാണ് താങ്കൾക്ക് ദശാംശം നൽകേണ്ടത്?

യെഹൂദരുടെ വിശ്വാസത്തിൽ പുരോഹിതന്മാരുണ്ട്, പൌരോഹിത്യമുണ്ട്. ക്രൈസ്തവ വിശ്വാസത്തിൽ വിശ്വാസികളെല്ലാം പുരോഹിതരാണ്. നിങ്ങടെ സെമിത്തേരിയിൽ, സോറി, സെമിനാരിയിൽ (തിയോളജി കോളേജിൽ) അങ്ങനെ പഠിപ്പിച്ചിട്ടില്ലല്ലേ? ഇതാ പിടിച്ചോളൂ വചനങ്ങൾ:
1പത്രോ 2:5 നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മീയ ഗൃഹമായി യേശു ക്രിസ്തു മുഖാന്തരം ദൈവത്തിന് പ്രസാദമുള്ള ആത്മീയ യാഗം കഴിക്കുവാൻ തക്ക വിശുദ്ധ പുരോഹിത വർഗം ആകേണ്ടതിന് പണിയപ്പെടുന്നു.
1പത്രോ 2:9 നിങ്ങളോ അന്ധകാരത്തിൽ നിന്നും തൻറെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻറെ സൽഗുണങ്ങളെ ഘോഷിക്കുവാൻ തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വർഗവും വിശുദ്ധ വംശവും സ്വന്തം ജനവും ആകുന്നു.
പാസ്റ്ററേ, ഇത് പാസ്റ്റർമാർക്ക് എഴുതിയ ലേഖനമല്ല, വിശ്വാസികൾക്ക് എഴുതിയതാണ്, മനസ്സിലായോ?
വെളി 1:6 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തൻറെ രക്തത്താൽ വിടുവിച്ചു തൻറെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതരും ആക്കിത്തീർത്ത അവിടത്തേക്ക് എന്നെന്നേയ്ക്കും മഹത്വവും ബലവും; ആമേൻ.
പാസ്റ്ററേ, ഞാനും നിങ്ങളും ഒരുപോലെ പുരോഹിതന്മാരാണെങ്കിൽ ഞാൻ എന്തിന് നിങ്ങൾക്ക് ദശാംശം തരണം? നിങ്ങൾക്ക് മെൽക്കീസേദെക്കിൻറെ അവകാശങ്ങൾ ഉണ്ടെങ്കിൽ എന്തുകൊണ്ട് എനിക്കില്ല?

എബ്രാ 7:4ൽ നിന്നും മനസ്സിലാകുന്നത് അബ്രാം ശത്രുക്കളെ കൊള്ളയടിച്ച് കൊണ്ടുവന്ന സാധനങ്ങളിൽ നിന്നുമാണ് മെൽക്കീസേദെക്കിന് ദശാംശം നൽകിയതെന്നാണ്. അബ്രാം ദശാംശം നൽകിയത് ശമ്പളത്തിൽ നിന്നുമല്ല, കൃഷിയിലോ, കച്ചവടത്തിലോ നിന്നുമുള്ള ആദായത്തിൽ നിന്നുമല്ല. അതായത്, കൊള്ളയടിച്ച്, ഓസിൽ കിട്ടിയതിൽ നിന്നുമാണ് അബ്രാം ദശാംശം നൽകിയത്. പാസ്റ്ററേ, താങ്കൾക്ക് ദശാംശം നൽകുവാൻ വേണ്ടി ആരെയെങ്കിലും കൊള്ളയടിച്ചിട്ട് ജയിലിൽ കിടന്ന് ഗോതമ്പുണ്ട തിന്നുവാൻ മനസ്സില്ല.

ദശാംശം ലേവ്യർക്കും, വിധവകൾക്കും...

സംഖ്യ18:24 യിസ്രായേൽ മക്കൾ യഹോവയ്ക്ക് ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി കൊടുത്തിരിക്കുന്നു ...
ചക്കുപുരയ്ക്കൽ ജോയി പാസ്റ്ററേ, താങ്കൾ എപ്പോഴാണ് ലേവ്യനായത്? പാസ്റ്ററായാൽ ലേവ്യനാകുമോ? അങ്ങനെ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ? താങ്കൾ പഠിച്ച സിമിത്തേരിയിൽ, ക്ഷമിക്കണം, സെമിനാരിയിൽ, ഉടമ്പടി മാറിയതിനെ പറ്റി പഠിപ്പിച്ചിട്ടില്ലേ?
എബ്രാ 7:12 പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിനും മാറ്റം വരേണ്ടത് ആവശ്യമാണ്.
എബ്രാ 7:13 എന്നാൽ ഇത് ആരെക്കുറിച്ച് പറഞ്ഞിരിക്കുന്നുവോ അവിടന്ന് വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിൽ ശുശ്രൂഷ ചെയ്തിട്ടില്ല.
എബ്രാ 7:14 യെഹൂദയിൽ നിന്നും നമ്മുടെ കർത്താവ് ഉദിച്ചു എന്നത് സ്പഷ്ടമാണ്; ആ ഗോത്രത്തോട് മോശെ പൌരോഹിത്യം സംബന്ധിച്ച് ഒന്നും കൽപിച്ചിട്ടില്ല.
പൌരോഹിത്യം ലേവിയുടെ ഗോത്രത്തിൽ നിന്നും യെഹൂദയുടെ ഗോത്രത്തിലേക്ക് മാറി, ന്യായപ്രമാണവും മാറിപ്പോയി, പക്ഷേ, താങ്കൾക്ക് ലേവി ഗോത്രത്തിൻറെയും, ന്യായപ്രമാണത്തിൻറെയും അടിസ്ഥാനത്തിലുള്ള കാശ് വേണം അല്ലേ?

ദ്രവ്യാഗ്രഹം മൂത്ത താങ്കൾ കാണാതിരുന്ന വേറൊരു വേദഭാഗം ഇതാ:
ആവ 26:12 ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിൻറെ എല്ലാ ആദായത്തിൽ നിന്നും ദശാംശം എടുത്ത് ലേവ്യനും പരദേശിയും അനാഥനും വിധവയും നിൻറെ പട്ടണങ്ങളിൽ തൃപ്തിയാംവണ്ണം തിന്നുവാൻ കൊടുത്തു തീർന്ന ശേഷം.
അതായത് ലേവ്യർക്ക് മാത്രമല്ല, പരദേശികൾക്കും, വിധവകൾക്കും, അനാഥർക്കും ദശാംശത്തിന് അവകാശവും അർഹതയുമുണ്ട്. ലേവ്യർക്ക് ഭൂസ്വത്ത് ഇല്ലാത്തതിനാലാണ് ദശാംശം ഏർപ്പെടുത്തിയത്. അവരും വിധവകളും, അനാഥരും, പരദേശികളുമായി ഒരു വ്യത്യാസവുമില്ല. ഓ, അവർക്ക് സ്റ്റേജിൽ കയറിനിന്ന് കാശുകൊടുക്കാത്തവരെ ഭർത്സിക്കുവാനും, പരിഹസിക്കുവാനും കഴിയില്ലല്ലോ, അല്ലേ? ഒന്നൂടെ മനസ്സിരുത്തി വായിച്ചോളൂ: അഗതികൾക്ക് തിന്നുവാനാണ് ദശാംശം, പാസ്റ്റർക്ക് ബി.എം.ഡബ്ല്യൂ വാങ്ങാനോ, ബംഗ്ലാവ് പണിയിക്കുവാനോ, ടി. വി. ചാനലിനോ, അമേരിക്കൻ പര്യടനത്തിനോ അല്ല.

മലാഖി 3ലെ ദശാംശം - വേദപുസ്തകം പഠിക്കാത്തവരുടെ തുരുപ്പുചീട്ട്.


നമ്മുടെ ചക്കുപുരയ്ക്കൽ ജോയി പാസ്റ്റർ ഒരു പീടികക്കെട്ടിടത്തിൻറെ ഒന്നാം നില മുഴുവൻ വാടകയ്ക്കെടുത്ത് ഒരു സഭാമന്ദിരം തുടങ്ങി. ജനങ്ങൾ അദ്ദേഹത്തിന് മലാ 3:10 പ്രകാരം ദശാംശം കൊടുക്കണമെന്ന് നിഷ്കർഷിക്കുന്നു. ജോയി പാസ്റ്ററിന് കാശ് കൊടുക്കുന്നതിന് മുമ്പ് മലാ 3:10 നമുക്ക് വായിച്ച് നോക്കാം, നമ്മൾ വെറും ഉണ്ണാക്കന്മാരല്ലല്ലോ, 100% സാക്ഷരതയുള്ള മലയാളികളല്ലേ?
മലാ 3:10 എൻറെ (യഹോവയുടെ) ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്ക് ആകാശത്തിൻറെ കിളിവാതിലുകളെ തുറന്ന്, സ്ഥലം തികയാത്തത്ര നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയുകയില്ലേ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിക്കുവിൻ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
എൻറെ ആലയത്തിൽ എന്ന് യഹോവ പറഞ്ഞത് ജോയി പാസ്റ്റർ പീടികക്കെട്ടിടത്തിൻറെ മുകളിൽ വാടകയ്ക്കെടുത്ത മുറിക്കാണോ? പഴയനിയമത്തിൽ യഹോവയുടെ ആലയം എന്ന് സമാഗമനകൂടാരത്തെയും ശലോമോൻ പണികഴിപ്പിച്ച ദേവാലയത്തെയും വിളിച്ചിട്ടുണ്ട് (പുറ 23:19; 1ശമു 1:24; 1 രാജാ 6:37, തുടങ്ങി അനേകം വചനങ്ങൾ). അവ യഹോവയുടെ ആലയമാണെന്നതിന് തെളിവുണ്ട്.

സമാഗമനകൂടാരവും ശലോമോൻ പണികഴിപ്പിച്ച ദേവാലയവും യഹോവയ്ക്കായി സമർപ്പിച്ചുകഴിഞ്ഞപ്പോൾ യഹോവയുടെ തേജസ്സ് അവയിൽ നിറഞ്ഞു. (പുറ 40:34, 35; 1രാജാ 8:10, 11). സമാഗമനകൂടാരം നിർമ്മിച്ചത് പർവതത്തിൽ വെച്ച് യഹോവ മോശെയ്ക്ക് കാണിച്ചുകൊടുത്ത മാതൃകയിലാണ്. (എബ്രാ 8:5). ശലോമോൻറെ ദേവാലയം നിർമ്മിച്ചത് ദാവീദിന് യഹോവ നൽകിയ മാതൃകയുടെ അടിസ്ഥാനത്തിലാണ്. (1ദിന 28:11-18). ദേവാലയം നിർമ്മിക്കപ്പെടുന്ന സ്ഥലത്ത് ശബ്ദം കേൾക്കാതിരിക്കുവാൻ കല്ലുകൾ പൊട്ടിച്ചതും മിനുക്കിയതും ദൂരെയൊരു സ്ഥലത്താണ്. (1രാജാ 6:7)

ചെല്ലപ്പനാശാരിയുടെ പ്ലാനിൽ പവിത്രൻ മേസ്ത്രിയും കൂട്ടരും മുറുക്കിത്തുപ്പിയും കള്ളുകുടിച്ചും തട്ടിയും മുട്ടിയും ബഹളംവെച്ചും പണിത പീടികക്കെട്ടിടത്തിൻറെ ഒന്നാം നിലയിൽ താങ്കൾ വാടകയ്ക്കെടുത്ത മുറി യഹോവയുടെ ആലയമാണെന്നതിന് തെളിവ് വല്ലതുമുണ്ടോ, ജോയി പാസ്റ്ററേ? ആ മുറി ദൈവശുശ്രൂഷയ്ക്കായി സമർപ്പിച്ചപ്പോൾ യഹോവയുടെ തേജസ്സ് അവിടെ നിറഞ്ഞിരുന്നെന്ന് തെളിയിക്കാൻ കഴിയുമോ?
ലേവി 9:23 മോശെയും അഹരോനും സമാഗമകൂടാരത്തിൽ കടന്നിട്ട് പുറത്തുവന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകല ജനത്തിനും പ്രത്യക്ഷമായി.
ലേവി 9:24 യഹോവയുടെ സന്നിധിയിൽ നിന്നും തീ പുറപ്പെട്ടു യാഗപീഠത്തിൻറെ മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അത് കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.
1രാജാ 8:10 പുരോഹിതർ വിശുദ്ധ മന്ദിരത്തിൽ നിന്നും പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.
1രാജാ 8:11 യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതിനാൽ മേഘം നിമിത്തം ശുശ്രൂഷ ചെയ്യുവാൻ നിൽക്കുവാൻ പുരോഹിതർക്കും കഴിഞ്ഞില്ല.
സമാഗമനകൂടാരവും ദേവാലയവും യഹോവയ്ക്കായി സമർച്ചപ്പോൾ യഹോവയുടെ തേജസ്സ് നിറഞ്ഞത് മാത്രമല്ല, മേഘം അവയെ ആവരണം ചെയ്തിരുന്നു.ജോയി പാസ്റ്ററിൻറെ സഭാമന്ദിരം സമർപ്പിച്ചപ്പോൾ അവിടം മേഘത്താൽ ആവരണം ചെയ്യപ്പെട്ടതിൻറെ ഫോട്ടോയോ വീഡിയോയോ ഉണ്ടോ? സോറി, ജോയി പാസ്റ്ററേ, താങ്കൾ നടത്തുന്ന സംരംഭം യഹോവയുടെ ആലയമാണെന്നതിന് തെളിവില്ല.

അദ്ധ്വാനിക്കുന്നവന് അടിച്ചുപൊളിക്കുവാൻ ദശാംശം!


ആവർത്തനം 26ൽ കാനാൻ ദേശത്തിൽ എത്തിയ ശേഷം കൃഷിചെയ്തുണ്ടാക്കുന്ന വിളവുകളിൽ നിന്നും മൂന്നാമത്തെ വർഷം ദശാംശം കൊടുക്കുന്നത് ലേവ്യർക്കും, വിധവകൾക്കുമൊക്കെ തിന്നുവാനാണ് എന്ന് എഴുതിയിരിക്കുന്നത് നമ്മൾ കണ്ടു. (ആവ 26:12). ഇതിൽ നിന്നും ദശാംശം ആഹാരപദാർത്ഥങ്ങളാണ് എന്നത് വ്യക്തം.

ഈ നിയമത്തിന് അപവാദങ്ങൾ ഇല്ലാതില്ല. ഒരുപക്ഷേ, ദശാംശം നൽകേണ്ട ആൾ ദേവാലയത്തിൽ നിന്നും ദൂരെയാണ് വസിക്കുന്നതെങ്കിൽ അയാളുടെ കാർഷികവിളകൾ ദേവാലയത്തിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാകും. അത്തരം സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് സ്പഷ്ടമായി എഴുതപ്പെട്ടിട്ടുണ്ട്:
ആവ 14:24 നിൻറെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുമ്പോൾ നിൻറെ ദൈവമായ യഹോവ അവിടത്തെ നാമം സ്ഥാപിക്കുവാൻ തെരഞ്ഞെടുക്കുന്ന സ്ഥലം (യെരൂശലേം) വളരെ അകലെയും അത് കൊണ്ടുപോകുവാൻ കഴിയാത്ത വിധം വഴി അത്യധികം ദൂരവും ആയിരുന്നാൽ,
ആവ 14:25 അത് വിറ്റ്, പണമാക്കി പണം കൈയിൽ എടുത്തുകൊണ്ട് നിൻറെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് (ഇത് എവിടെയുമാകാം) കൊണ്ടുപോകേണം.
ആവ 14:26 നിൻറെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ (wine, or strong drink) ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്ത്, വാങ്ങി നിൻറെ ദൈവമായ യഹോവയുടെ സന്നിധിയിൽ തിന്ന് നീയും നിൻറെ കുടുംബവും സന്തോഷിക്കേണം.
ആവ 14:27 നിൻറെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുത്; അവന് നിന്നോട് കൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.
അവിഭക്ത യിസ്രായേലിൽ യോർദ്ദാന് കിഴക്ക് ഭൂസ്വത്ത് ലഭിച്ചവർക്ക് യെരൂശലേമിൽ എത്തുന്നത് ശ്രമകരമായിരുന്നതിനാലാണ് ഇത്തരമൊരു നിബന്ധന ഉണ്ടാക്കിയത്.

ഇവിടെ ദശാംശം പണമാകാം, പക്ഷേ, അത് ദേവാലയത്തിൽ കൊണ്ടുപോകേണ്ട, പുരോഹിതന് കൊടുക്കേണ്ട. ദശാശം കൊടുക്കേണ്ട ആൾ സ്വന്തം കുടുംബത്തെയും, തൻറെ നാട്ടിലുള്ള ലേവ്യരെയും കൂട്ടിക്കൊണ്ട് യഹോവ നിർദ്ദേശിക്കുന്ന സ്ഥലത്തേയ്ക്ക് ഒരു പിൿനിക്ക് പോയി, അവിടെ ബീഫ് ബിരിയാണിയോ, മട്ടൺ ബിരിയാണിയോ, ബ്രാണ്ടിയോ, വിസ്കിയോ കുടിച്ച്, (എന്തേ, പിടിച്ചില്ലേ, വചനം വീണ്ടും വായിക്കൂ) അടിച്ചുപൊളിച്ച്, ആഘോഷിക്കുവാനാണ് യഹോവ പറയുന്നത്. ജോയി പാസ്റ്ററേ, ഈ വകുപ്പിൽ 10 പൈസ നിങ്ങൾക്ക് കിട്ടില്ല.

ദശാംശം പണമായി നൽകാം എന്ന വാദത്തിൻറെ പടക്കം അങ്ങനെ ചീറ്റിപ്പോയി!

ലോകത്തിലെ ഏറ്റവും വലിയ 1000 ധനികരിൽ ഒരു പാസ്റ്റർ പോലും ഇല്ലാത്തതെന്ത്?


ഞാൻ കൃത്യമായി ദശാംശം കൊടുക്കുവാൻ തുടങ്ങിയപ്പോൾ കർത്താവ് കനിഞ്ഞു, എനിക്ക് നല്ല ജോലി കിട്ടി, പണമുണ്ടായി, മകൾക്ക് കല്യാണം നടന്നു, മകൻ ഗൾഫിൽ പോയി, വീട് വെച്ചു ... ഇങ്ങനെ തള്ള് തള്ളുന്ന സാക്ഷ്യങ്ങൾക്ക് ഒരു ദൌർലഭ്യവുമില്ല. ഒന്ന് ചോദിക്കട്ടേ:
  • അനിൽ അമ്പാനിക്കും, മുകേഷ് അമ്പാനിക്കും പണമുണ്ടായത് ഏത് പാസ്റ്റർക്ക് ദശാംശം കൊടുത്തിട്ടാണ്?
  • ഷാരുഖ് ഖാൻ ആർക്ക് ദശാംശം കൊടുത്തിട്ടാണ് 150 കോടി രൂപ വിലമതിക്കുന്ന വീടുണ്ടായത്?
  • ലക്ഷക്കണക്കിന് മുസൽമാൻമാർ ഗൾഫിൽ പോകുന്നത് ഏത് പാസ്റ്റർക്ക് ദശാംശം കൊടുത്തിട്ടാണ്?
  • ഇന്ത്യൻ ജനസംഖ്യ 125 കോടിയായത് ജനങ്ങൾ പാസ്റ്റർമാർക്ക് ദശാംശം കൊടുത്ത് കുട്ടികൾ ഉണ്ടായതിനാലാണോ?
  • ഇന്ത്യയിലെ 80.5% ഹിന്ദുക്കൾക്കും, 13.4% മുസൽമാൻമാർക്കും കുട്ടികൾ ഉണ്ടാകുന്നത് പാസ്റ്റർമാർക്ക് ദശാംശം കൊടുത്തിട്ടാണോ?
പാസ്റ്റർക്ക് ദശാംശം കൊടുക്കാത്തതിനാലാണ് യഹോവ നമ്മളെ അനുഗ്രഹിക്കാത്തതെങ്കിൽ, അനുഗ്രഹത്തിൻറെ നീർച്ചാലുകളായ പാസ്റ്റർമാരിൽ ഒരാൾ പോലും ലോകത്തിലെ ഏറ്റവും ധനികരായ 1000 പേരുടെ പട്ടികയിൽ ഇല്ലാത്തതെന്ത്? ലോകത്തിലെ ഏറ്റവും ധനികരായ പാസ്റ്റർമാരായ ടി.ഡി.ജെയ്ക്സിനും (T. D Jakes), ഡേവിഡ് ഒയെഡെപോയ്ക്കും (David Oyedepo) ലോകത്തിലെ ആയിരാമത്തെ ധനികൻറെ പത്തിലൊന്ന് പോലും ആസ്തിയില്ല. (യേ റോങ്‍ നമ്പർ ഹേ! പാസ്റ്റർമാരുടെ അവകാശവാദങ്ങളും അവരുടെ ശിങ്കിടികളുടെ സാക്ഷ്യങ്ങളും ശുദ്ധ തട്ടിപ്പാണ്.)

യഹോവ എന്തായിരുന്നു ഉദ്ദേശിച്ചത്?

മലാ 3:10 എൻറെ (യഹോവയുടെ) ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്ക് കൊണ്ടുവരുവിൻ...
ദശാംശം കൊണ്ടുവരേണ്ടത് ആലയത്തിൽ ആഹാരം ഉണ്ടായിരിക്കുവാനാണ്. കറൻറ് ബില്ല് അടയ്ക്കുവാനോ, കെട്ടിടത്തിൻറെ വാടക കൊടുക്കുവാനോ, പാസ്റ്ററിൻറെ ശമ്പളത്തിനോ അല്ല.

“പണം കൊണ്ടുവന്നാൽ ആഹാരം വാങ്ങി കഴിച്ചുകൂടേ?” എന്ന് ചോദിച്ചേക്കാം, അതിന് ലളിതമായ മറുപടി ഇതാണ്: പണം പുഴുങ്ങിത്തിന്നാനാവില്ല. കാവേരി പ്രശ്നം കാരണം ബന്ദുകൾ സർവസാധാരണമായ കർണ്ണാടകത്തിലെ മാണ്ഡ്യയിൽ ബന്ദ് നടക്കുമ്പോൾ ഒരുകെട്ട് പണവുമായി പോയിനോക്ക് ആഹാരം കിട്ടുമോ എന്നറിയാം.

ഈ വചനത്തിൽ ആഹാരപദാർത്ഥങ്ങൾ ദേവാലയത്തിൻറെ കലവറയിൽ എത്തിക്കുന്നതിനെ പറ്റിയാണ് എഴുതിയിരിക്കുന്നത്. പണത്തിനെ പറ്റിയല്ല. യെരൂശലേമിലുള്ള ലേവ്യരുടെയും, വിധവകളുടെയും, അനാഥരുടെയും, പരദേശികളുടെയും ആഹാരത്തിനാണ് ദശാംശം കൊണ്ടുവരുവാൻ ആവശ്യപ്പെട്ടത്, പാസ്റ്ററിന് ബി.എം.ഡബ്ല്യു വാങ്ങാനല്ല.

പാസ്റ്റർമാർക്ക് ദശാംശം കൊടുത്തതുകൊണ്ട് യഹോവ നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയുകയില്ല, കാരണം, അഗതികളുടെ ആഹാരത്തിനാണ് ദശാംശം, പാസ്റ്ററുടെ അഹങ്കാരത്തെ ശമിപ്പിക്കുവാനല്ല.

മലാ 3:10ൻറെ ആശയം ഉൾക്കൊള്ളുന്ന വചനങ്ങൾ വേറെയുമുണ്ട്:
സദൃ 19:17 ദരിദ്രരോട് ദയ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവിടന്ന് പകരം കൊടുക്കും.
സദൃ 28:27 ദരിദ്രന് കൊടുക്കുന്നവന് കുറവ് ഉണ്ടാകുകയില്ല; കണ്ണ് അടച്ചുകളയുന്നവന് ഏറെ ശാപം ഉണ്ടാകും.
നിങ്ങൾക്ക് യഹോവയുടെ അനുഗ്രഹം വേണമെങ്കിൽ അഗതികളെ സഹായിക്കാം. (സദൃശ്യവാക്യങ്ങൾ ന്യായപ്രമാണത്തിൻറെ ഭാഗമല്ല.)

അറ്റകുറ്റപ്പണികൾക്കുള്ള വ്യവസ്ഥകൾ.


(ഇത് ന്യായപ്രമാണത്തിൻറെ ഭാഗമല്ല, പഴയനിയമത്തിൻറെ ഭാഗമാണ്.)

യെഹോവാശ് രാജാവും യെഹോയാദ പുരോഹിതനുമായിരുന്ന കാലത്ത് ദേവാലയത്തിന് അറ്റകുറ്റപ്പണികൾ നടത്തേണ്ട ആവശ്യം വന്നു. അപ്പോൾ, പുരോഹിതന്മാർ തങ്ങൾക്ക് വിവിധ സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന പണം ദേവാലയത്തിൻറെ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിക്കണം എന്ന് യെഹോവാശ് നിർദ്ദേശിച്ചു. (2രാജാ 12:4-8). പുരോഹിതന്മാർ അതിന് സമ്മതിച്ചു (ജോയി പാസ്റ്ററെ പോലെ പണത്തിനായി കടുപിടുത്തം നടത്തുന്നവരല്ലായിരുന്നു എന്ന് അർത്ഥം.)

അപ്പോഴാണ് യെഹോയാദ പുരോഹിതന് ഒരു ആശയം ഉദിച്ചത്:
2രാജാ 12:9 അപ്പോൾ യെഹോയാദ പുരോഹിതൻ ഒരു പെട്ടി എടുത്ത് അതിൻറെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന് അരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിൻറെ വലത് ഭാഗത്ത് വെച്ചു; വാതിൽ കാക്കുന്ന പുരോഹിതർ യഹോവയുടെ ആലയത്തിലേക്ക് വരുന്ന ദ്രവ്യം എല്ലാം അതിൽ ഇടും.
2രാജാ 12:10പെട്ടിയിൽ ദ്രവ്യം വളരെയായി എന്ന് കാണുമ്പോൾ രാജാവിൻറെ രായസക്കാരനും മഹാപുരോഹിതനും ചെന്ന് യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം എണ്ണി സഞ്ചികളിൽ കെട്ടും.
2രാജാ 12:11 അവർ ദ്രവ്യം യഹോവയുടെ ആലയത്തിൻറെ പണി നടത്തുന്ന വിചാരകരുടെ പക്കൽ തൂക്കിക്കൊടുക്കും; അവർ അത് യഹോവയുടെ ആലയത്തിൽ പണി ചെയ്യുന്ന ആശാരിമാർക്കും ശിൽപികൾക്കും
2രാജാ 12:12 കൽപണിക്കാർക്കും കല്ലുവെട്ടുകാർക്കും യഹോവയുടെ ആലയത്തിൻറെ അറ്റകുറ്റം തീർക്കുവാൻ വേണ്ട മരവും ചെത്തിയ കല്ലും വാങ്ങുന്നതിനും ആലയത്തിൻറെ അറ്റകുറ്റം തീർക്കുവാൻ വേണ്ട ചെലവിനും കൊടുക്കും.
2രാജാ 12:14 പണി ചെയ്യുന്നവർക്കും മാത്രം അത് കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന് അറ്റകുറ്റം തീർക്കും.
2രാജാ 12:15 എന്നാൽ പണി ചെയ്യുന്നവർക്കും കൊടുക്കുവാൻ ദ്രവ്യം ഏറ്റുവാങ്ങിയവരോട് അവർ കണക്ക് ചോദിച്ചില്ല; വിശ്വാസത്തിൻറെ മേൽ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നത്.
2രാജാ 12:16 അകൃത്യയാഗത്തിൻറെ ദ്രവ്യവും പാപയാഗത്തിൻറെ ദ്രവ്യവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അത് പുരോഹിതർക്കായിരുന്നു.
ചത്താലും കുറുക്കൻറെ കണ്ണ് കോഴിക്കൂട്ടിലാണ് എന്ന് പറയുന്നത് പോലെ, 2രാജാ 12:16ൽ അകൃത്യയാഗത്തിൻറെ ദ്രവ്യവും പാപയാഗത്തിൻറെ ദ്രവ്യവും എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധിച്ച ജോയി പാസ്റ്റർ ഇനി അതും പറഞ്ഞ് ജനങ്ങളെ കുത്തിപ്പിഴിയുമോ, കർത്താവേ?

ദേവാലയത്തിൻറെ അറ്റകുറ്റം തീർക്കുവാൻ ജനങ്ങൾ നൽകുന്ന പണം ആ ഉദ്ദേശ്യത്തിന് മാത്രമായി ഉപയോഗിച്ചിരുന്നു. പുരോഹിതർക്കോ, ലേവ്യർക്കോ അതിൽ ഓഹരി ലഭിച്ചിരുന്നില്ല.

ചക്കുപുരയ്ക്കൽ ജോയി പാസ്റ്ററേ, താങ്കളുടെ തട്ടിപ്പിനുള്ള വ്യവസ്ഥ പഴയനിയമത്തിൽ ഇല്ല.

പുതിയനിയമത്തിൽ ഉണ്ടെന്ന് പറയപ്പെടുന്ന ദശാംശത്തെ പറ്റി അടുത്ത ഭാഗത്തിൽ.

ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:

Post a Comment